പോപുലർ ഫ്രണ്ട് പരിപാടിയിൽ പരിശീലനം നൽകിയ ജില്ലാ ഫയർ ഓഫീസറുടെ സസ്പെൻഷൻ പിൻവലിച്ചു
|പോപുലർ ഫ്രണ്ടിന്റെ കീഴിലുള്ള റെസ്ക്യൂ ആൻഡ് റിലീഫ് എന്ന സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലായിരുന്നു ഫയർ സർവീസ് ഉദ്യോഗസ്ഥർ പ്രവർത്തകർക്ക് പരിശീലനം നൽകിയത്.
കൊച്ചി: പോപുലർ ഫ്രണ്ട് പരിപാടിയിൽ പരിശീലനം നൽകിയ എറണാകുളം ജില്ലാ ഫയർ ഓഫിസർ എ.എസ് ജോഗിയുടെ സസ്പെൻഷൻ പിൻവലിച്ചു. ഹൈകോടതി ഉത്തരവിനെ തുടർന്നാണ് സർവീസിൽ തിരികെയെടുത്തത്. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും ജോഗിയ്ക്ക് അനുകൂലമായി ഉത്തരവ് നൽകിയിരുന്നു. ഇത് ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീൽ ഹൈകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സർവീസിൽ തിരികെ എടുക്കാനുള്ള തീരുമാനം.
പോപുലർ ഫ്രണ്ടിന്റെ കീഴിലുള്ള റെസ്ക്യൂ ആൻഡ് റിലീഫ് എന്ന സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലായിരുന്നു പ്രവർത്തകർക്ക് പരിശീലനം നൽകിയത്. അപകടത്തിൽനിന്ന് ഒരാളെ രക്ഷിക്കുന്നതിനുള്ള വിവിധ രീതികൾ അതിനായി ഉപകരണങ്ങൾ ഉപയോഗിക്കുന്ന വിധം എന്നിവയിലാണ് സേനാംഗങ്ങൾ പരിശീലനം നൽകിയത്.
ജോഗിക്ക് പുറമെ റീജിയണൽ ഫയർ ഓഫീസർ കെ.കെ ഷൈജുവിനെയും സസ്പെൻഡ് ചെയ്തിരുന്നു. ഫയർമാൻമാരായ ബി. അനിഷ്, വൈ.എ രാഹുൽദാസ്, എം സജാദ് എന്നിവരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.