മാനന്തവാടിയിൽ നവകേരള സദസ്സിനായി ഒരുക്കിയ താൽക്കാലിക ശൗചാലയ കുഴികൾ മൂടിയില്ല
|മാനന്തവാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് ദിവസങ്ങളായിട്ടും ശുചീകരിക്കാത്ത ശൗചാലയ കുഴികൾ ഉള്ളത്
വയനാട്: വയനാട് മാനന്തവാടിയിൽ നവകേരള സദസ്സിനായി ഒരുക്കിയ താൽക്കാലിക ശൗചാലയ കുഴികൾ മൂടിയില്ല. മാനന്തവാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് ദിവസങ്ങളായിട്ടും ശുചീകരിക്കാത്ത ശൗചാലയ കുഴികൾ ഉള്ളത്. പരിപാടിക്കായി പൊളിച്ച സ്കൂൾ മതിലും പുനർ നിർമിച്ചില്ല.
ഈ മാസം 23ന് മാനന്തവാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച നവകേരള സദസ്സിൻ്റെ വേദിക്ക് പിറകിലായാണ് താൽക്കാലിക ശൗചാലയം ഒരുക്കിയത്. ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരുമടക്കമുള്ളവർ ശൗചാലയം ഉപയോഗിക്കുകയും ചെയ്തിരുന്നു. എന്നാൽ പരിപാടി കഴിഞ്ഞ് ദിവസങ്ങളായിട്ടും ശൗചാലയ കുഴി മൂടാനുള്ള നടപടി സ്വീകരിച്ചില്ല.
തിങ്കളാഴ്ച ഗ്രൗണ്ടിൽ നടന്ന സബ് ജില്ലാ ക്രിക്കറ്റ് ടൂർണമെൻ്റിനിടെ കുഴിയിൽ വീണ ബോളുകൾ എടുക്കാനാവാതെ കുട്ടികൾ ബുദ്ധിമുട്ടിയിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് മഴ കാരണം ഗ്രൗണ്ടിൽ താഴ്ന്നു പോയിരുന്നു. ഈ കുഴിയും മാറ്റമില്ലാതെ കിടക്കുകയാണ്. ഇതിന് പുറമെ ബസ്സ് ഗ്രൗണ്ടിൽ എത്തിക്കാനായി പൊളിച്ച പത്ത് മീറ്ററോളം മതിലും ഇതുവരെ പുനർ നിർമിച്ചില്ല. വയനാട് ജില്ലയിൽ 400 മീറ്റർ ട്രാക്കുള്ള ഏക ഗ്രൗണ്ടാണ് മാനന്തവാടി ജി.വി.എച്ച്.എസ്.എസിലേത്.