സംസ്ഥാന പൊലീസ് മേധാവിയുടെ കാലാവധി നീട്ടിയത് മുഖ്യമന്ത്രിക്ക് മുന്നിൽ പരാതിയുള്ളപ്പോൾ
|ഷെയ്ഖ് ദർവേശ് സാഹിബിനെതിരെ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് ഷെയ്ഖ് ദർവേശ് സാഹിബിന് സർക്കാർ കാലാവധി നീട്ടിനൽകിയത് ഭൂമിയിടപാടിലുള്ള പരാതി മുഖ്യമന്ത്രിക്ക് മുന്നിൽ നിലനിൽക്കെ. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഭൂമിയിടപാടുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ ഷെയ്ഖ് ദർവേശ് സാഹിബ് തയ്യാറായില്ലെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ തിരുവനന്തപുരം സ്വദേശി ഉമർ ഷെരീഫ് ആരോപിക്കുന്നു. ഈ പരാതി മുഖ്യമന്ത്രിക്ക് ലഭിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോഴായിരുന്നു സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കുള്ള കാലാവധി നീട്ടാൻ മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്.
വഴുതക്കാട് സ്വദേശിയായ ഉമർ ഷെരീഫ് ജൂൺ 24-നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് ഓൺലൈനായി പരാതി നൽകിയത്. സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ്, ഭാര്യ ഫരീദ ഫാത്തിമയുടെ പേരിലുള്ള 10.8 സെന്റ് ഭൂമിയിന്മേലുള്ള 26 ലക്ഷം രൂപയുടെ ലോൺ വിവരം മറച്ചുവെച്ച് വിൽപ്പനക്കരാർ ഉണ്ടാക്കി പണം വാങ്ങിയെന്നാണ് പ്രധാന ആരോപണം.
പരാതി മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറി. എന്നാൽ പരാതി ലഭിച്ചതിന്റെ രണ്ടാം ദിവസം, ജൂൺ 26-ന് ചേർന്ന മന്ത്രിസഭാ യോഗം ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബിന്റെ സേവനകാലാവധി നീട്ടിനൽകാൻ തീരുമാനിച്ചു. ജൂലൈ 31-ന് കാലാവധി അവസാനിക്കേണ്ടിയിരുന്നയാൾക്ക് 2025 ജൂൺ വരെ കാലാവധി നീട്ടി നൽകുകയായിരുന്നു. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കാലാവധി നീട്ടിയതെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം.
എന്നാൽ വിശ്വാസവഞ്ചന നടത്തിയെന്ന ആരോപണം നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കാലാവധിയാണ് നീട്ടിനൽകിയത് എന്നതാണ് ഗൗരവം വർധിപ്പിക്കുന്നത്. ഡി.ജി.പിയുടെ ചേമ്പറിൽ വെച്ച് അഞ്ചുലക്ഷം രൂപ കൈമാറിയെന്ന പരാതിക്കാരന്റെ ആരോപണം ഗുരുതര സ്വഭാവമുള്ളതാണ്. രണ്ട് ലക്ഷത്തിന്മേലുള്ള തുകയുടെ ഇടപാട് നേരിട്ട് നടത്തുന്നത് ആദായ നികുതി വകുപ്പിന്റെ മാർഗരേഖകൾക്ക് വിരുദ്ധമാണ്.
സംസ്ഥാന പൊലീസ് മേധാവിയുടെ ചേമ്പർ തന്നെ വ്യക്തിപരമായ പണമിടപാടുകൾക്ക് ഉപയോഗിച്ചുവെന്നത് ചട്ടലംഘനം കൂടിയാണ്. സംഭവം വിവാദമായതോടെ ആഭ്യന്തര വകുപ്പ് ഇന്നലെ അന്വേഷണം തുടങ്ങിയിരുന്നു. ആഭ്യന്തര വകുപ്പിനെതിരെ പ്രതിപക്ഷമടക്കം ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് സംസ്ഥാന പൊലീസ് മേധാവി തന്നെ കുരുക്കിലായത്.