കലഞ്ഞൂരിൽ വീണ്ടും പുലിയിറങ്ങി
|പത്ത് ദിവസത്തിനിടെ മൂന്നാം വട്ടമാണ് ഇവിടെ പുലിയിറങ്ങുന്നത്.
പത്തനംതിട്ട: കലഞ്ഞൂരിൽ വീണ്ടും പുലിയിറങ്ങി. മുറിഞ്ഞിങ്കൽ സ്വദേശി ബിജുവിന്റെ വീടിന് സമീപം ഇന്നലെ രാത്രിയാണ് പുലിയെ കണ്ടത്. സി.സി.ടി.വിയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രി 12ഓടെയാണ് സി.സി.ടി.വിയിൽ പുലിയെ കാണുന്നത്.
ഇന്ന് രാവിലെ ഇവിടെ നടത്തിയ പരിശോധനയിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തുകയും ചെയ്തു. പരിശോധന നടത്തിയ ശേഷം ബിജു വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. അവരെത്തി നടത്തിയ പരിശോധനയിൽ പുലി തന്നെയാണെന്ന് ഉറപ്പിച്ചു.
ഡി.എഫ്.ഒ അടക്കമുള്ളവർക്ക് വനംവകുപ്പ് ഇതുസംബന്ധിച്ച് വിവരങ്ങൾ കൈമാറിയിട്ടുണ്ട്. സി.സി.ടി.വി ക്യാമറകളും കൂടും സ്ഥാപിക്കുന്നതിനുമുള്ള നടപടികളിലേക്ക് കടക്കുകയാണ് ഉദ്യോഗസ്ഥർ.
പത്ത് ദിവസത്തിനിടെ മൂന്നാം വട്ടമാണ് ഇവിടെ പുലിയിറങ്ങുന്നത്. രണ്ട് തവണ ഇറങ്ങിയപ്പോഴും പുലി വളർത്തുമൃഗങ്ങളെ കടിച്ചുകൊന്നിരുന്നു.
പുലിയിറങ്ങുന്നത് പതിവായതോടെ വലിയ ഭീതിയിലാണ് നാട്ടുകാർ. എത്രയും വേഗം പുലിയെ പിടികൂടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.