വാകേരിയിലെ നരഭോജിക്കടുവയെ തൃശൂര്‍ മൃഗശാലയിലേക്ക് മാറ്റി
|വാകേരി കോളനിക്കവലയിൽ സ്ഥാപിച്ച കൂട്ടിൽ ഇന്നലെ ഉച്ചയോടെയാണു കടുവ കുടുങ്ങിയത്
കല്‍പറ്റ: വയനാട് വാകേരിയിൽ ഭീതിവിതച്ച കടുവയെ തൃശൂർ പുത്തൂർ മൃഗശാലയിലേക്ക് മാറ്റി. ആദ്യം കുപ്പാടിയിലെ വന്യമൃഗപരിപാലന കേന്ദ്രത്തിലെത്തിച്ച ശേഷമാണ് ആരോഗ്യ പരിശോധനകൾ പൂർത്തിയാക്കിയ കടുവയെ പുത്തൂരിലെത്തിച്ചത്. വാകേരി കോളനിക്കവലയിൽ സ്ഥാപിച്ച കൂട്ടിൽ ഇന്നലെ ഉച്ചയോടെ കടുവ കുടുങ്ങുകയായിരുന്നു.
കാടിനെയും നാടിനെയും ഒരുപോലെ വിറപ്പിച്ച ഡബ്ല്യു.ഡബ്ല്യു.എൽ 45 എന്ന നരഭോജിക്കടുവ ഇന്നലെ ഉച്ചയോടെയാണ് കൂട്ടിലായത്. ആദ്യം കടുവയെ എത്തിച്ച കുപ്പാടി വന്യമൃഗപരിപാലന കേന്ദ്രത്തിൽ ഏഴു കടുവകൾക്കുള്ള കൂടുകളാണുള്ളത്. ഡബ്ല്യു.ഡബ്ല്യു.എൽ 45 കൂടി എത്തിയതോടെ എണ്ണം എട്ടായി. ഈ സാഹചര്യത്തിലാണ് വാകേരിയിലെ കടുവയെ പുത്തൂരിലേക്ക് മാറ്റിയത്.
കടുവയുടെ മുഖത്ത് കാണുന്ന മുറിവുകൾ കാട്ടിൽ മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിൽ സംഭവിച്ചതായിരിക്കാമെന്ന നിഗമനത്തിലാണ് വനം വകുപ്പ്. കടുവയെ വയനാടിന് പുറത്തേക്ക് മാറ്റുമെന്ന് വാകേരിക്കാർക്ക് വനം വകുപ്പ് ഉറപ്പുനൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് കടുവയെ പുത്തൂരിലേക്ക് കൊണ്ടുപോയത്.
Summary: The tiger caught in Wayanad Vakeri shifted to Thrissur Puthur Zoo