കെഎസ്ആർടിസിയിലെ ടാർഗറ്റ് സമ്പ്രദായം മാനേജ്മെന്റ് നിർദേശമെന്നാവർത്തിച്ച് ഗതാഗത മന്ത്രി
|കെഎസ്ആർടിസിയെ സ്വയം പര്യാപ്തമാക്കാൻ മാനേജ്മെന്റ് എടുത്ത തീരുമാനമാണിതെന്നും മന്ത്രി
കെഎസ്ആർടിസിയിലെ ടാർഗറ്റ് സമ്പ്രദായം മാനേജ്മെന്റ് നിർദേശമെന്നാവർത്തിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. സർക്കാർ തലത്തിൽ ഒരു തീരുമാനവുമെടുത്തിട്ടില്ലെന്നും കെഎസ്ആർടിസിയെ സ്വയം പര്യാപ്തമാക്കാൻ മാനേജ്മെന്റ് എടുത്ത തീരുമാനമാണിതെന്നും മന്ത്രി പറഞ്ഞു.
"കെഎസ്ആർടിസിയെ സ്വയം പര്യാപ്തമാക്കുന്നതിന് വേണ്ട തീരുമാനങ്ങളെടുക്കാൻ മാനേജ്മെന്റിന് സ്വാതന്ത്ര്യമുണ്ട്. അതാവാം തീരുമാനത്തിന് പിന്നിൽ. സർക്കാർ ഇത്തരത്തിൽ ടാർഗറ്റ് അടിസ്ഥാനത്തിൽ ശമ്പളം നൽകാനുള്ള ഒരു നിർദേശവും നൽകിയിട്ടില്ല". മന്ത്രി പറഞ്ഞു.
നേരത്തേ വിഷയത്തിൽ കെഎസ്ആർടിസി സത്യവാങ്മൂലം നൽകിയ സമയത്തും ഇതേ കാര്യമാണ് മന്ത്രി ആവർത്തിച്ചത്. അതിന് രണ്ട് ദിവസത്തിന് ശേഷം തിരുവനന്തപുരത്ത് കെഎസ്ആർടിസി ജീവനക്കാർക്ക് വേണ്ടി നടത്തിയ ശിൽപശാലയിൽ മന്ത്രി തന്നെ ഇക്കാര്യം ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ഒരു കാരണവശാലും തീരുമാനം അംഗീകരിക്കില്ലെന്ന് സിഐടിയു ഉൾപ്പടെയുള്ള തൊഴിലാളി യൂണിയനുകൾ അറിയിച്ചിരുന്നു.