പൊള്ളയായ വാഗ്ദാനങ്ങൾ നല്‍കി ട്രാവൽ ഏജൻസിയുടെ തട്ടിപ്പ്: വിമുക്ത ഭടന് ആറ് ലക്ഷത്തി ഇരുപത്തി അയ്യായിരം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
|നഷ്ടപരിഹാരം നല്‍കാത്തപക്ഷം ഒമ്പത് ശതമാനം പലിശ സഹിതം ഈ തുക നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.
പൊള്ളയായ വാഗ്ദാനങ്ങൾ നൽകി വിമുക്തഭടനെ കബളിപ്പിച്ച ട്രാവൽ ഏജൻസി നഷ്ടപരിഹാരവും നൽകിയ തുകയും കോടതിചെലവും ഒരു മാസത്തിനകം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. പാലക്കാട് പട്ടാമ്പി താലൂക്കിലെ പാറക്കാട് വീട്ടിൽ നൂർ മുഹമ്മദ് നൽകിയ പരാതിയിലാണ് ഡി.ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ശ്രീവിദ്യ ടി.എൻ എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ വിധിച്ചത്.
കമ്പനിയുടെ സിൽവർ ജൂബിലിയുടെ ഭാഗമായി വിവിധ സമ്മാനങ്ങൾ ലഭിച്ചുവെന്ന് ഉപഭോക്താവിനെ അറിയിക്കുകയും സമ്മാനങ്ങൾ വാങ്ങുന്നതിനായി വിശാഖപട്ടണത്തെ ഓഫീസിൽ നേരിട്ട് എത്തിച്ചേരാൻ എതിർ കക്ഷി സ്ഥാപനം ആവശ്യപ്പെടുകയും ചെയ്തു. അതിനായി 75,000 രൂപയുടെ അംഗത്വം എടുപ്പിച്ചു. മറ്റു സമ്മാനങ്ങളായി മൂന്നുപ്ലോട്ടുകൾ നൽകാമെന്നും അവർ വാഗ്ദാനം ചെയ്തു. അന്ന് മാത്രമുള്ള ഈ ഓഫർ ലഭിക്കാൻ 5, 40,000 രൂപ കൂടി ഉപഭോക്താവിൽ നിന്നും വാങ്ങി. കമ്പനിയുടെ എല്ലാവിധത്തിലുമുള്ള ഉൽപന്നങ്ങളും അടുത്ത 30 വർഷത്തേക്ക് വാർഷിക യാത്രകളും കമ്പനി വാഗ്ദാനം ചെയ്തു. വാഗ്ദാനം ചെയ്ത സേവനങ്ങൾ നൽകാൻ എതിർകക്ഷികൾ പിന്നീട് തയ്യാറായതുമില്ല. ഈ സാഹചര്യത്തിലാണ് ഉപഭോക്താവ് കമ്മീഷനെ സമീപിച്ചത്.
ഏകപക്ഷീയമായ ഉപാധികളിലൂടെ ഉപഭോക്താവിനെ വഞ്ചിക്കുകയും ഒരുകാരണവശാലും വാങ്ങിയ തുക തിരികെ നൽകില്ലെന്നുമുള്ള എതിർകക്ഷികളുടെയുടെ നിലപാടും അനുചിതമായ കച്ചവടരീതിയും സേവനത്തിലെ ന്യൂനതയുമാണെന്ന് കമ്മീഷൻ വിലയിരുത്തി. കൺട്രി ക്ലബ്, കൺട്രി വെക്കേഷൻസ്, കൺട്രി കോറിഡോർ എന്നീ മൂന്ന് സ്ഥാപനങ്ങൾ അഞ്ചു ലക്ഷത്തി നാൽപതിനായിരം രൂപയും മെമ്പർഷിപ്പ് തുകയായ 75,000 രൂപയും കോടതി ചെലവായി പതിനായിരം രൂപയും 30 ദിവസത്തിനകം പരാതിക്കാരന് നൽകണം. അല്ലാത്തപക്ഷം ഒമ്പത് ശതമാനം പലിശ സഹിതം ഈ തുക നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.