മോൻസൺ മാവുങ്കലിന്റെ ജാമ്യാപേക്ഷയിൽ വിചാരണ കോടതി ഇന്ന് വിധി പറയും
|നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്
പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിന്റെ ജാമ്യാപേക്ഷയിൽ വിചാരണ കോടതി ഇന്ന് വിധി പറയും. നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. ജാമ്യത്തിൽ വിട്ടാൽ, പ്രതികൾ തെളിവുകൾ നശിപ്പിക്കും. നിലവിൽ അഞ്ച് വഞ്ചന കേസുകളും ഒരു സ്ത്രീയുടെ പരാതിയിൽ വേറൊരു കേസുമുണ്ടന്ന് പ്രോസിക്യൂഷൻ വാദിച്ചു. അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായിട്ടും കാര്യമായ വിവരങ്ങളോ കേസുകളോ കണ്ടെത്താനായില്ലന്നും തനിക്കെതിരെയുള്ള ആരോപണങ്ങൾ ജാമ്യം നിഷേധിക്കുന്ന തരത്തിലുള്ള ഗൗരവമുള്ളതല്ലന്നുമാണ് മോൻസണിന്റെ വാദം.
അതേസമയം മോന്‍സന്റെ കൈവശമുണ്ടായിരുന്ന ആഡംബര വാഹനങ്ങളിലൊന്നു പോലും മോന്‍സണിന്റെ പേരിലുളളതല്ലെന്ന് മോട്ടോര്‍വാഹന വകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മോൻസൻ ഉപയോഗിച്ച 8 ആഡംബര കാറുകളെക്കുറിച്ചാണ് മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തിയത്.ഇതിൽ നാല് വാഹനങ്ങളെക്കുറിച്ച് ഒരു വിവരവും പരിശോധനയിൽ കണ്ടെത്താനായില്ല.പരിവാഹന്‍ വെബ്സൈറ്റിൽ പോലും വിവരങ്ങൽ ലഭ്യമല്ലെന്ന് കാക്കനാട്ട് ആര്.ടി.ഒയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നു.