എ.ഐ കാമറയിൽ പതിഞ്ഞത് പ്രേതമോ? പിഴ നോട്ടീസിലെ അജ്ഞാത സ്ത്രീ, കെൽട്രോണിനെ സമീപിച്ച് എം.വി.ഡി
|സംഭവത്തിന് പിന്നാലെ പലകഥകൾ നാട്ടിൽ പരന്നു. മുൻപ് ആത്മഹത്യ ചെയ്ത സ്ത്രീയുടെ പ്രേതമാണെന്നു വരെയാണ് പ്രചരണം.
കണ്ണൂർ: കണ്ണൂരിൽ കഴിഞ്ഞദിവസം എ.ഐ കാമറയിൽ പതിഞ്ഞ കാർയാത്രക്കാരുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ ചർച്ച. പിഴയടക്കാനായി അയച്ച ഫോട്ടോയിൽ കാറിൽ ഇല്ലാത്ത ഒരു സ്ത്രീയുടെ ചിത്രം കണ്ടതിന്റെ ഞെട്ടലിലാണ് കാറുടമ. പ്രേതമാണെന്നും മറ്റുമുള്ള പ്രചാരണം വന്നതോടെ ഇതേക്കുറിച്ചുള്ള അന്വേഷണത്തിലാണ് മോട്ടോർവാഹന വകുപ്പ്.
പടന്ന കൈതക്കാട് സ്വദേശിയായ യുവാവും ബന്ധുവായ യുവതിയും രണ്ടുമക്കളുമായിരുന്നു കാറിലുണ്ടായിരുന്നത്. പയ്യന്നൂരേക്കായിരുന്നു യാത്ര. യാത്രയിൽ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാലാണ് മോട്ടോർ വാഹനവകുപ്പ് കാറുടമയ്ക്ക് പിഴയടക്കാൻ സന്ദേശമയച്ചത്. ഇതിനൊപ്പമുണ്ടായിരുന്ന എ.ഐ. കാമറ ചിത്രത്തിൽ പിൻസീറ്റിൽ കുട്ടികൾക്ക് പകരം മറ്റൊരു സ്ത്രീയാണുള്ളത്.
സംഭവത്തിന് പിന്നാലെ പലകഥകൾ നാട്ടിൽ പരന്നു. മുൻപ് ആത്മഹത്യ ചെയ്ത സ്ത്രീയുടെ പ്രേതമാണെന്നു വരെയായി പ്രചരണം. ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തു. ഇതിനുപിന്നാലെയാണ് കടുംബം മോട്ടോർവാഹന വകുപ്പിനെ സമീപിച്ചത്. റിഫ്ലക്ഷൻ ആവാമെന്നായിരുന്നു മോട്ടോർവാഹന വകുപ്പ് നൽകിയ മറുപടി. കൃത്യമായ മറുപടിക്കായി മോട്ടോർ വാഹനവകുപ്പ് കാമറ നിർമാതാക്കളായ കെൽട്രോണിന് ചിത്രങ്ങൾ അയച്ചു നൽകിയിട്ടുണ്ട്.