'പ്രാണ പ്രതിഷ്ഠയും വർഗീയതയും സുവർണ്ണ നേട്ടങ്ങളായി അവകാശപ്പെടുന്ന ബജറ്റ് തീർത്തും നിരാശജനകമാണ്'; എ.എ.റഹീം എം.പി
|പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി തകർത്ത് തേരോട്ടം നടത്തുക എന്ന വിശാല കാഴ്ചപ്പാടിന്റെ ബാക്കി പത്രമാണ് ഈ ബജറ്റെന്നും എ.എ.റഹീം എം.പി പറഞ്ഞു
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിച്ചത് രാജ്യം കണ്ട ഏറ്റവും വലിയ യുവജന വിരുദ്ധ ബജറ്റാണെന്ന് എ.എ.റഹീം എം.പി. രാജ്യം നേരിടുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ പ്രതിസന്ധികളെ അഭിസംബോധന ചെയ്യാതെ പ്രാണ പ്രതിഷ്ഠയും വർഗീയതയും സുവർണ്ണ നേട്ടങ്ങളായി അവകാശപ്പെടുന്ന ഈ സർക്കാരിന്‍റെ ബജറ്റ് തീർത്തും നിരാശജനകമാണെന്നും അദ്ദേഹം പറഞ്ഞു.
'ഈ സർക്കാരിന്റെ 'അമൃത കാലത്ത്' യുവാക്കൾക്ക് അഭിവൃദ്ധിയുണ്ടാകുമെന്നാണ് മന്ത്രിയുടെ അവകാശ വാദം. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സഥാപനങ്ങളിലും ഏജൻസികളിലും 9 ലക്ഷത്തിന്മേൽ തസ്തികകൾ ഒഴിഞ്ഞു കിടക്കുമ്പോഴാണ് ഈ വാദം. രാജ്യത്ത് യുവതി- യുവാക്കൾ നേരിടുന്ന തൊഴിലില്ലായ്മ നേരിടാൻ ഈ സർക്കാർ പരാജയപ്പെട്ടു. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നില്ല എന്ന് മാത്രമല്ല ഒഴിഞ്ഞു കിടക്കുന്നവ നികത്താനും നരേന്ദ്ര മോദി സർക്കാരിന് ഉദ്ദേശ്യമില്ല . ഇക്കണോമിക് സർവേ റിപ്പോർട്ട് പുറത്ത് വിടാതെ അവതരിപ്പിച്ച ബജറ്റ് ആയിരുന്നു ഇത്. അത് പുറത്ത് വിട്ടാൽ രാജ്യത്തെ തൊഴിലില്ലായ്മയുടെയുടയും ദാരിദ്ര്യത്തിന്‍റെയും വ്യക്തമായ ചിത്രം ലഭിക്കും എന്ന ഭയമാണ് കേന്ദ്ര സർക്കാരിന്‍റെ ഈ നീക്കത്തിന് പിന്നിൽ'- എ.എ.റഹീം.
സൊമാറ്റോ, സ്വിഗ്ഗി, ഊബർ തുടങ്ങി നിരവധി സംരംഭങ്ങളിൽ ജോലി ചെയ്യുന്ന ഗിഗ് വർക്കേഴ്സിനെ പറ്റി ഒരു പരാമർശം പോലും പ്രസംഗത്തിലില്ലെന്നും സമ്പദ്ഘടനയിൽ വലിയ സ്വാധീനം ചെലുത്തുന്ന ഈ മേഖലയിൽ ജോലി ചെയ്യുന്ന യുവതി - യുവാക്കളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രത്യേകം പദ്ധതികളോ സ്കീമുകളോ ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്ത് പണപ്പെരുപ്പം ക്രമാതീതമായി വർധിച്ചു കൊണ്ടിരിക്കുകയാണ് . എൻ.എസ്.ഒയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ റീറ്റെയ്ൽ പണപ്പെരുപ്പ നിരക്ക് 5.69%മായി വർധിച്ചിരിക്കുന്നു. മാത്രമല്ല ഗ്രാമപ്രദേശങ്ങളിൽ നഗരങ്ങളെ അപേക്ഷിച്ച് പണപ്പെരുപ്പം കൂടുതലുമാണ്. പച്ചക്കറികളുടെയും ഭക്ഷ്യവസ്തുക്കളുടെയും ഉൾപ്പടെയുള്ളവയുള്ളവയുടെ വിലക്കയറ്റത്തിന് ഇത് കാരണമായി. വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാരിന് സാധിച്ചില്ല എന്ന് മാത്രമല്ല 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നും കര കയറ്റി എന്ന പൊള്ളയായ വാദവും മുന്നോട്ട് വെക്കുന്നു. ആഗോള പട്ടിണി സൂചികയിൽ രാജ്യം 111ആം സ്ഥാനത്ത് നിൽക്കുമ്പോഴാണ് ഈ വാദം എന്നത് ശ്രദ്ധേയമാണെന്നും റഹീം പറഞ്ഞു.
കേരളത്തോടുള്ള പൂർണ അവഗണനയുടെ ഏറ്റവും പുതിയ രൂപമാണ് ഇന്ന് ധനമന്ത്രി അവതരിപ്പിച്ചതെന്നും കേരളത്തെ സാമ്പത്തികമായി ഞെരുക്കുക എന്ന ലക്ഷ്യത്തിന്റെ തുടർച്ചയാണ് ഈ സമീപനമെന്നും പറഞ്ഞ അദ്ദേഹം ഒരുപാട് നാളുകളായുള്ള എയിംസ് എന്ന ആവശ്യം പരിഗണിച്ചിട്ടില്ലെന്നും കേരളത്തിലെ റയിൽ ഗതാഗതത്തോട് കടുത്ത അവഗണയാണ് ഈ സർക്കാർ കാണിക്കുന്നതെന്നും പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി തകർത്ത് തേരോട്ടം നടത്തുക എന്ന വിശാല കാഴ്ചപ്പാടിന്റെ ബാക്കി പത്രമാണ് ഈ ബജറ്റെന്നും കൂട്ടിച്ചേർത്തു.
രാജ്യത്തെ യുവാൾക്കൾക്കും, കർഷകർക്കും, സ്ത്രീകൾക്കും, സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവരെയും സംബന്ധിച്ച് ഇത് അമൃതകാലമല്ല, മൃതകാലമാണ്. ദാരിദ്രവും പട്ടിണിയും തൊഴിലില്ലായ്‌മയും കൊണ്ട് ബുദ്ധിമുട്ടുന്ന ഇന്ത്യൻ ജനതയോടുള്ള വെല്ലുവിളിയാണ് ബിജെപി നടത്തുന്നത്. അടിസ്ഥാന പ്രശ്‍നങ്ങളെ നേരിട്ടില്ലെങ്കിലും വർഗീയത എന്ന ആയുധം ഉപയോഗിച്ച് ഭരണം തുടരാമെന്ന ധാരണയാണ് മോദി സർക്കാരെ ഇത്തരമൊരു ബജറ്റ് അവതരിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്. ഈ യുവജന വിരുദ്ധ ബജെറ്റിനെത്തിരെ രാജ്യത്തെ യുവാക്കൾ അണിനിരക്കുമെന്നും മോദി സർക്കാരിന്‍റെ വികലമായ നയങ്ങൾ തുറന്നു കാട്ടുമെന്നും ബജറ്റ് പ്രസംഗത്തിൽ പ്രതികരിച്ച്കൊണ്ട് എ.എ.റഹീം എം.പി പറഞ്ഞു.