നവജാത ശിശുവിന് വാക്സിൻ മാറി നൽകി; പരാതിയുമായി ദമ്പതികള്‍
|ജനിച്ചയുടൻ നൽകേണ്ട വാക്സിന് പകരം 6 ആഴ്ച കഴിഞ്ഞ് നൽകേണ്ട വാക്സിൻ നൽകിയെന്നാണ് പരാതി
എറണാകുളം: നവജാത ശിശുവിന് വാക്സിൻ മാറി നൽകിയതായി പരാതി. ജനിച്ചയുടൻ നൽകേണ്ട വാക്സിന് പകരം 6 ആഴ്ച കഴിഞ്ഞ് നൽകേണ്ട വാക്സിൻ നൽകിയെന്നാണ് പരാതി. ഇടപ്പള്ളി ഹെൽത്ത് സെൻററിനെതിരെ പരാതിയുമായി കുടുംബം. സംഭവത്തിൽ ആരോഗ്യ മന്ത്രിക്കും പൊലീസിലും പരാതി നൽകി. എറണാകുളം പാലാരിവട്ടം സ്വദേശികളായ ദമ്പതികളാണ് പരാതി നൽകിയത്.
വാക്സിൻ എടുത്ത് തിരിച്ച് വീട്ടിൽ എത്തിയ ശേഷം ഹെൽത്ത് കാർഡ് പരിശോധിച്ചപ്പോഴാണ് വാക്സിൻ മാറ്റി കുത്തിവച്ച വിവരം മാതാപിതാക്കള്‍ തിരിച്ചറിയുന്നത്. അപ്പോള്‍ തന്നെ കുടുംബാരോഗ്യകേന്ദ്രത്തിൽ വിവരമറിയിക്കുകയും അവരുടെ നിർദേശപ്രകാരം കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. 48 മണിക്കുർ നിരീക്ഷിച്ചതിന് ശേഷം കുഞ്ഞിനെ ഡിസ്ചാർജ്ജ് ചെയ്തെങ്കിലും കുട്ടിക്ക് പനി മാറിയിട്ടില്ല. എന്നാൽ വാക്സിൻ മാറി എടുത്താൽ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ആശുപത്രി അധികൃതർ കൃത്യമായ വിവരം നൽകിയിട്ടില്ല.
ആദ്യം പരാതിയുമായി സ്റ്റേഷനിൽ എത്തിയപ്പോള്‍ പരാതി സ്വീകരിക്കാൻ പൊലീസ് അമാന്തം പ്രകടിപ്പിച്ചെന്നും പരാതി നൽകേണ്ട കാര്യമുണ്ടോ എന്നും സർക്കാർ ഉദ്യോഗമുള്ള ഒരാളുടെ ജോലി ഇല്ലാതാക്കണോ എന്ന് ചോദിച്ചെന്നും കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.