Kerala
വഖഫ് ബോർഡിൽ കൈ വെക്കാൻ സർക്കാർ എത്ര ശ്രമിച്ചാലും കഴിയില്ല: പി.കെ കുഞ്ഞാലിക്കുട്ടി
Kerala

വഖഫ് ബോർഡിൽ കൈ വെക്കാൻ സർക്കാർ എത്ര ശ്രമിച്ചാലും കഴിയില്ല: പി.കെ കുഞ്ഞാലിക്കുട്ടി

Web Desk
|
17 March 2022 7:03 AM GMT

സമരം ലീഗ് അവസാനിപ്പിച്ചിട്ടില്ല, ഗവൺമെന്റ് ഇതിൽ നിന്ന് പിൻമാറുകയല്ലാതെ മറ്റു വഴിയുണ്ടാവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

വഖഫ് ബോർഡിൽ കൈ വെക്കാൻ സർക്കാർ എത്ര ശ്രമിച്ചാലും കഴിയില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. സമരം ലീഗ് അവസാനിപ്പിച്ചിട്ടില്ല, ഗവൺമെന്റിന് ഇതിൽ നിന്ന് പിൻമാറുകയല്ലാതെ മറ്റു വഴിയുണ്ടാവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വഖഫ് നിയമനം പിഎസ് സിക്ക് വിടുന്ന സർക്കാർ നീക്കത്തിനെതിരെ മുസ്‌ലിം ലീഗ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

''വഖഫ് വരുമാനം വിശ്വാസികൾ നൽകുന്നതാണ്. നിയമം കൊണ്ടു വരുന്നവർക്ക് തന്നെ ഇതിനെ കുറിച്ച് ധാരണയില്ല. പ്രതിഷേധം ലീഗ് അവസാനിപ്പിച്ചിട്ടില്ല ഗവൺമെന്റ് ഇതിൽ നിന്ന് പിൻമാറുകയല്ലാതെ മറ്റു വഴിയുണ്ടാവില്ല. ന്യൂനപക്ഷങ്ങൾക്കിടയിൽ വിഭജനം ഉണ്ടാക്കുന്ന ബി.ജെ.പി തന്ത്രം അതുപോലെ നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിലൂടെ യു.ഡി.എഫ് വോട്ട് ഭിന്നിപ്പിക്കാനാണ് സർക്കാർ നീക്കം''- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വഖഫ് നിയമ ഭേദഗതി അനാവശ്യമാണ്‌. നിയമ നിർമാണത്തിലൂടെ വിശ്വാസപരമായ കാര്യങ്ങളിൽ ഇടപെടാൻ ശ്രമിച്ചാൽ ലീഗിന് അഭിപ്രായo പറയേണ്ടി വരും. കേന്ദ്രം ഭരിക്കുന്ന ബിജെ പി പോലും ചെയ്തിട്ടില്ലാത്ത കാര്യമാണിതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

പ്രഖ്യാപിച്ച സമരങ്ങളിൽ നിന്ന് പാർട്ടി പിന്നോട്ടില്ലെന്ന് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. സമരം പ്രഖ്യാപിച്ചപ്പോൾ സർക്കാർ മത സംഘടനകളെ ചർച്ചയ്ക്ക് വിളിച്ചു.ഇത് ലീഗിന്റെ വിജയമാണ്. പണ്ഡിതൻമാർക്ക് കൊടുത്ത ഉറപ്പ് മുഖ്യമന്ത്രി 5 മാസമായിട്ടും പാലിച്ചിട്ടില്ല ഒരു ചർച്ചയ്ക്ക് ഇത്രയും നീട്ടി സമയം കൊടുക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

Similar Posts