ഒരു ദിവസം 20 തവണ വരെ വൈദ്യുതി മുടങ്ങിയതില്‍ എന്തുചെയ്യും? ബില്ലായി ഒരു ചാക്ക് കെട്ട് നാണയത്തുട്ടുകള്‍ നല്‍കി വാര്‍ഡംഗം
|രഞ്ജിത് പ്രതിനിധീകരിക്കുന്ന തലവൂർ രണ്ടാലുംമൂട് വാർഡിൽ നിരന്തരമുള്ള വൈദ്യുതി മുടക്കം പതിവാണ്
പത്തനാപുരം: ഒരു ദിവസം 20 തവണ വരെ വൈദ്യുതി മുടങ്ങിയാൽ ജനം എന്തുചെയ്യും...? പരാതി പറഞ്ഞിട്ടും ഫലമില്ല. ഒടുവിൽ കെ.എസ്.ഇ.ബി ജീവനക്കാരെക്കൊണ്ട് നാണയമെണ്ണിച്ച് വാർഡംഗത്തിന്‍റെ പ്രതിഷേധം. കൊല്ലം പത്തനാപുരം തലവൂർ ഗ്രാമപ്പഞ്ചായത്തംഗം സി.രഞ്ജിത്താണ് വേറിട്ട പ്രതിഷേധം നടത്തിയത്. ചാക്കിൽ കെട്ടി കൊണ്ടുവന്ന നാണയത്തുട്ടുകളിൽ വൈദ്യുതി ബിൽ അടച്ചായിരുന്നു പ്രതിഷേധം.
രഞ്ജിത് പ്രതിനിധീകരിക്കുന്ന തലവൂർ രണ്ടാലുംമൂട് വാർഡിൽ നിരന്തരമുള്ള വൈദ്യുതി മുടക്കം പതിവാണ്. പട്ടാഴി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള പ്രദേശമാണിത്. പരിഹാരം ഇല്ലാതെ വന്നതോടെയാണ് അറ്റകൈ പ്രയോഗിച്ചത്. വാർഡിലെ ഒൻപത് ഗുണഭോക്താക്കളുടെ വൈദ്യുതി ബിൽ തുകയായ എണ്ണായിരത്തോളം രൂപ നാണയത്തുട്ടുകളാക്കി ചാക്കിൽ ചുമന്നുകൊണ്ടുവന്നാണ് ബിൽ അടയ്ക്കാൻ കെ.എസ്.ഇ.ബി. അധികൃതർക്ക് നൽകിയത്. ബില്ലിങ് സെക്ഷനിലെ ജീവനക്കാർ ആദ്യം പരിഭ്രമിച്ചെങ്കിലും പണം സ്വീകരിച്ചു. ഏറെ സമയമെടുത്താണ് ഒന്ന്, രണ്ട്, അഞ്ച്, പത്ത് രൂപ വീതമുള്ള നാണയത്തുട്ടുകൾ ജീവനക്കാർ ചേർന്ന് എണ്ണി തിട്ടപ്പെടുത്തിയത്. 3250-മുതൽ 950-രൂപ വരെയുള്ള വിവിധ ബില്ലുകൾ കൂട്ടത്തിലുണ്ടായിരുന്നു. വൈദ്യുതി വിച്ഛേദിക്കാതിരിക്കാനുള്ള തിയതി 12-ന് അവസാനിക്കാനിരിക്കെയാണ് തിങ്കളാഴ്ച പകൽ വാർഡംഗം പണച്ചാക്കുമായി എത്തി ജീവനക്കാരെ ഞെട്ടിച്ചത്.
വൈദ്യുതി മുടക്കം തുടർന്നാൽ വാർഡിലെ ഭൂരിഭാഗം ഗുണഭോക്താക്കളുടെയും ബില്ലടയ്ക്കാൻ അടുത്ത തവണയും ഇത്തരത്തിൽ നാണയത്തുട്ടുകളുമായി എത്തുമെന്ന് വാർഡംഗം മുന്നറിയിപ്പ് നൽകി. വ്യക്തിപരമായി ആർക്കും ബുദ്ധിമുട്ടുണ്ടാക്കാൻ അല്ലെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കെ.എസ്.ഇ.ബിക്കുള്ള ഓർമപ്പെടുത്തലാണെന്നും രഞ്ജിത് പറഞ്ഞു. വേറിട്ട സമര രീതികളിലൂടെ ശ്രദ്ധേയനായ രഞ്ജിത് ബി.ജെ.പി. പ്രതിനിധിയാണ്. അപകട സാധ്യതയുള്ള നാൽക്കവലയിൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കാൻ തലയിൽ സിഗ്നൽ ലൈറ്റ് ചുമന്നും ഭിന്നശേഷിക്കാർക്ക് പ്രവേശിക്കാൻ കഴിയാത്ത പഞ്ചായത്ത് ഓഫീസിൽ വീൽചെയറിൽ എത്തിയും രഞ്ജിത് നേരത്തേ വേറിട്ട സമരങ്ങൾ നടത്തിയിരുന്നു.