Kerala
കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി; പാനൂർ കൊലക്കേസ് പ്രതിയുമായി പൊലീസിന്റെ തെളിവെടുപ്പ്
Kerala

കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി; പാനൂർ കൊലക്കേസ് പ്രതിയുമായി പൊലീസിന്റെ തെളിവെടുപ്പ്

Web Desk
|
23 Oct 2022 3:17 AM GMT

കൊലപാതകം ശേഷം ബൈക്കിലെത്തിയ പ്രതി ആയുധങ്ങളും വസ്ത്രവും ബാഗിലാക്കി വീടിനടുത്തുള്ള കുളത്തിൽ ഉപേക്ഷിക്കുകയായിരുന്നു

കണ്ണൂർ: വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതി ശ്യാംജിത്തുമായി പൊലീസിന്റെ തെളിവെടുപ്പ്. കൂത്തുപ്പറമ്പ് മാനന്തേരിയിലെ അങ്ങാടി കുളത്തിലാണ് തെളിവെടുപ്പിനായി പൊലീസ് സംഘമെത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി ഇവിടെയെത്തി കുളിച്ചിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും പ്രതി ധരിച്ച വസ്ത്രവും പൊലീസ് കണ്ടെത്തി. കൊലപാതകം ശേഷം ബൈക്കിലെത്തിയ പ്രതി ആയുധങ്ങളും വസ്ത്രവും ബാഗിലാക്കി വീടിനടുത്തുള്ള കുളത്തിൽ ഉപേക്ഷിക്കുകയായിരുന്നു.

ശാസ്ത്രീയ തെളിവുകളെല്ലാം പൊലീസ് ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. കൂത്തുപറമ്പ് എ.സി.പി പ്രദീപൻ കന്നിപ്പോയിലും പാനൂർ സി.ഐ ആസാദിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പിനായെത്തിയത്. കൂത്തുപ്പറമ്പിലെ കടയിൽ നിന്നാണ് വിഷ്ണുപ്രിയയെ തലയ്ക്കടിക്കാൻ ഉപയോഗിച്ച ഹാമറും കഴുത്തറുക്കാൻ ഉപയോഗിച്ച കത്തിയും വാങ്ങിയതെന്നാണ് ശ്യാംജിത്തിന്റെ മൊഴി. ഈ കട പൊലീസ് തിരിച്ചറിഞ്ഞിട്ടുമുണ്ട്. കടയെ കേന്ദ്രീകരിച്ചും പൊലീസ് തെളിവെടുപ്പ് നടത്തി.

വിഷ്ണുപ്രിയയെ കൊല്ലാനെത്തിയ പ്രതി ശ്യാംജിത്തിനെ കണ്ടിരുന്നതായി സമീപവാസിയായ മുകുന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. കെ.എസ്.ഇ.ബി ജീവനക്കാരനെന്ന വ്യാജേന പ്രതി പ്രദേശത്ത് കറങ്ങി നടക്കുകയായിരുന്നു. ഇയാൾ വൈദ്യുതി ലൈൻ നോക്കി നടന്നതിനാൽ സംശയം തോന്നിയില്ലെന്നും മുകുന്ദൻ പറഞ്ഞു. പ്രണയത്തിൽ നിന്ന് വിഷ്ണുപ്രിയ പിന്മാറിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതിയുടെ കൈവശം ബാഗുണ്ടായിരുന്നു. പ്രതിയെ രണ്ടോ മൂന്നോ ആളുകൾ കണ്ടിട്ടുണ്ട്. ഇയാൾ ഷർട്ടും പാന്റും ധരിച്ചാണ് എത്തിയതെന്നും, എന്നാൽ പ്രതിയുടെ മുഖം കാണാനായില്ലെന്നും മുകുന്ദൻ കൂട്ടിച്ചേർത്തു. അതേസമയം വിഷ്ണുപ്രിയയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിലാണ് പോസ്റ്റുമോർട്ടം. കേസിൽ അറസ്റ്റിലായ പ്രതി ശ്യാംജിത്തിനെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും.

കൊലപാതകം പ്രതി ശ്യാംജിത്ത് ഒറ്റയ്ക്ക് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കൊലപാതകത്തിനായി എത്തിയ പ്രതി പരിസരം നിരീക്ഷിച്ച് നടക്കുന്നത് സമീപവാസിയായ മുകുന്ദൻ കണ്ടിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിഷ്ണു പ്രിയ കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നതായും വിവരമുണ്ട്. കൊലപാതകത്തിനായി എത്തിയ പ്രതിയെ വീഡിയോ കോളിലൂടെ തത്സമയം കണ്ട വിഷ്ണുപ്രിയുടെ സുഹൃത്ത് കേസിൽ പ്രധാന സാക്ഷിയാകും. ഇന്ന് വൈകിട്ടോടെ പ്രതിയെ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കാനാണ് പോലീസിന്റെ തീരുമാനം. പോസ്റ്റുമോർട്ടത്തിന് ശേഷം വിഷണുപ്രിയയുടെ മൃതദേഹം സംസ്‌കരിക്കും.

Similar Posts