'ഒരിടത്ത് ബോധവത്ക്കരണം, മറ്റൊരിടത്ത് ഒഴിച്ചുകൊടുക്കൽ'; സർക്കാർ മദ്യ നയത്തിലെ കാപട്യം അവസാനിപ്പിക്കണമെന്ന് വെൽഫയർ പാർട്ടി
|പരവഞ്ചനെയെക്കാൾ കടുപ്പം ഉള്ളതാണ് ആത്മവഞ്ചനയെന്നും മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്തുള്ള കുറിപ്പിൽ വെൽഫയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി
ഒരിടത്ത് മദ്യ വിരുദ്ധ ബോധവത്ക്കരണവും മറ്റൊരിടത്ത് മദ്യം ഒഴിച്ചുകൊടുക്കലും നടത്തുന്ന ഇടതു സർക്കാർ കാപട്യം അവസാനിപ്പിക്കണമെന്ന് വെൽഫയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ്. ലഹരിക്കെതിരെ സംസ്ഥാന യുവജനക്ഷേമ ബോർഡ് 140 നിയോജക മണ്ഡലങ്ങളിൽ ജനസഭ നടത്തുന്ന അതേസമയത്താണ് കേരളത്തിൽ കൂടുതൽ മദ്യ വിൽപ്പന കേന്ദ്രങ്ങൾ ആരംഭിക്കാൻ മന്ത്രിസഭ തീരുമാനിച്ചതെന്നും മദ്യ കച്ചവടക്കാർക്ക് മുന്നിലേക്ക് യുവാക്കളെ വലിച്ചെറിഞ്ഞ് കൊടുക്കാനുള്ള തീരുമാനം എടുക്കുന്നവർ എന്തിനാണ് മദ്യ വിരുദ്ധ ബോധവത്ക്കരണം നടത്തി ജനങ്ങളെ പറ്റിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.
ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്ന ഈ കാപട്യം ഇനിയെങ്കിലും അവസാനിപ്പിച്ചു കൂടെയെന്നും പരവഞ്ചനെയെക്കാൾ കടുപ്പം ഉള്ളതാണ് ആത്മവഞ്ചനയെന്നും മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്തുള്ള കുറിപ്പിൽ അദ്ദേഹം വിമർശിച്ചു. സ്വന്തം രാഷ്ട്രീയം മദ്യത്തിനൊപ്പമായിരിക്കെ ഞങ്ങൾ മദ്യവിപത്തിനെതിരാണെന്ന് വരുത്തി തീർക്കാൻ നടത്തുന്ന ഈ വഷളത്തരം നിർത്താനുള്ള മര്യാദ എങ്കിലും കാണിക്കണമെന്ന് പറയാൻ ഇടതുമുന്നണിയിൽ ഒരാൾ പോലും ഇല്ലെയെന്നും സേട്ടു സാഹിബിന്റെ അനുയായിയായ ഒരാൾ കൂടി ചേരുന്നതല്ലെ കേരള മന്ത്രിസഭയെന്നും അദ്ദേഹം ചോദിച്ചു.
അത്യാവശ്യ ചികിത്സക്ക് ഒ.പി. ടിക്കറ്റ് വാങ്ങാനും മരുന്നിനുമായി ജനത്തെ ക്യൂ നിർത്തുന്ന നാട്ടിൽ , ക്യു നിൽക്കാതെ മദ്യം വാങ്ങാൻ കഴിയുന്ന സുന്ദര കേരളത്തെയാണ് എക്‌സൈസ് വകുപ്പ് മന്ത്രി ഗോവിന്ദൻ മാഷ് സ്വപ്നം കാണുന്നതെന്നും അദ്ദേഹം പരിഹസിച്ചു. 25 വർഷത്തേക്കുള്ള നവകേരള രേഖ അവതരിപ്പിച്ച മുഖ്യമന്ത്രിക്ക് നവകേരളത്തിലെ ചെറുപ്പക്കാരെ ലഹരി കാർന്നു തിന്നാൻ പോകുന്നതിൽ ഒരാശങ്കയുമില്ലെന്നും യുവാക്കളുടെ തൊഴിലിടങ്ങളിൽ പോലും മദ്യശാലകൾ ആരംഭിച്ചു അവരെ ആശ്രയിച്ചു നിൽക്കുന്ന കുടുംബങ്ങളെയും സമൂഹത്തെയും നശിപ്പിക്കുന്നതിൽ അദ്ദേഹത്തിന് ഒരസ്വസ്ഥതയും ഇല്ലെന്നും കുറിപ്പിൽ കുറ്റപ്പെടുത്തി. മദ്യ വ്യാപാരികളിൽ നിന്ന് മാസാമാസം കിട്ടുന്ന വലിയ തുകയേക്കാൾ വലുതല്ലല്ലോ നമ്മുടെ ചെറുപ്പക്കാരുടെ ഭാവിയെന്നും അദ്ദേഹം വിമർശിച്ചു.
പുതുക്കിയ മദ്യനയം അംഗീകരിച്ചു; വീര്യം കുറഞ്ഞ മദ്യമെത്തും
പുതുക്കിയ മദ്യനയത്തിന് അംഗീകാരം നൽകി മന്ത്രിസഭാ യോഗം. ഇതോടെ മദ്യശാലകളുടെ എണ്ണം കൂട്ടുന്നതിനോടൊപ്പം വീര്യം കുഞ്ഞ മദ്യവുമെത്തും. പുതുതായി 170 ഓളം ഔട്ട്ലറ്റുകൾ ആരംഭിക്കണമെന്ന ബിവ്റജസ് കോർപറേഷന്റെ നിർദേശത്തിനും അനുമതിയായി. കൂടാതെ ഐടി മേഖലയിൽ മദ്യശാലകൾക്ക് അനുമതിയായി. ഐടി പാർക്കുകളിലെ റസ്റ്ററന്റുകളിൽ മദ്യം വിതരണം ചെയ്യാനുള്ള സംവിധാനമാണ് വരുന്നത്. 10 വർഷം പ്രവൃത്തിപരിചയമുള്ള ഐടി സ്ഥാപനങ്ങളിലാണ് പബിനുള്ള ലൈസൻസ് നൽകുന്നത്. ടൂറിസം മേഖലയിൽ കൂടുതൽ ഔട്ട്ലറ്റുകൾ തുറക്കും. വിമാനത്താവളങ്ങളിലും പ്രീമിയം കൗണ്ടറുകൾ വരും. പഴവർഗങ്ങൾ സംഭരിക്കുന്നതും മദ്യം ഉൽപ്പാദിപ്പിക്കുന്നതും ബവ്റിജസ് കോർപറേഷന്റെ മേൽനോട്ടത്തിലായിരിക്കും. കള്ളുഷാപ്പുകളുടെ ദൂരപരിധി കുറയ്ക്കുന്നതിൽ തീരുമാനമെടുത്തില്ല.
അതേസമയം, ലോകായുക്ത ഓർഡിനസ് പുതുക്കി ഇറക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ വിഷയത്തിൽ സി.പി.ഐ എതിർപ്പ് അറിയിച്ചിട്ടുണ്ട്. സിപിഐക്ക് വ്യത്യസ്ത നിലപാട് ആണുള്ളത് എന്ന് മന്ത്രി കെ. രാജൻ മന്ത്രിസഭയെ അറിയിച്ചു. ബിൽ വരുമ്പോൾ ചർച്ച ആക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയനും നിയമ മന്ത്രി പി.രാജീവും പറഞ്ഞു. ഓർഡിനേൻസ് പുതുക്കൽ സാങ്കേതിക നടപടി മാത്രമെന്നും നിയമമന്ത്രി പറഞ്ഞു.
The Welfare Party wants the government to end its hypocrisy in liquor policy