Kerala
mv govindan
Kerala

ജമാഅത്തെ ഇസ്‍ലാമി നന്നായി പ്രവര്‍ത്തിച്ചു, അതാണ് യുഡിഎഫിന് മലബാറില്‍ നേട്ടമായത്: എം.വി ഗോവിന്ദന്‍

Web Desk
|
10 July 2024 3:07 PM GMT

ജമാഅത്തെ ഇസ്‍ലാമിയുടെ വനിതകള്‍ ജനങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവരെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‍ലാമി നന്നായി പ്രവര്‍ത്തിച്ചതാണ് മലബാറില്‍ യു.ഡി.എഫിന് നേട്ടമായതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ജമാഅത്തെ ഇസ്‌ലാമിയുടെ വനിതാ പ്രവര്‍ത്തകര്‍ ജനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളവരാണ്. അതിന്റെ ഗുണം യു.ഡി.എഫിനുണ്ടായെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ബി.ജെ.പിയെ ഒഴിവാക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ അത് കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നതാണ് നല്ലതെന്ന് അവര്‍ അവതരിപ്പിച്ചു. അത് യു.ഡി.എഫിന് ഗുണമായി. എന്നാല്‍ അവരെവിടെയും കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിച്ചില്ല. എല്‍.ഡി.എഫിന് എതിരാണെന്ന് എങ്ങും പറഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെ.എസ്.​കെ.ടി.യു) കോഴിക്കോട് ജില്ലാ സമ്മേളനം മാവൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോഴിക്കോട്, വടകര, കണ്ണൂര്‍, കാസര്‍കോട് ഉള്‍പ്പടെയുള്ള മണ്ഡലങ്ങളില്‍ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫിന് ലഭിച്ചത്. യു.ഡി.എഫിന് കഴിഞ്ഞ പ്രാവശ്യം ചെയ്ത വോട്ടിലെ 2.80 ശതമാനം ആളുകള്‍ ഇക്കുറി വോട്ട് ചെയ്തിട്ടില്ല. യു.ഡി.എഫിന്റെ പോളിങ്ങില്‍ നല്ല കുറവാണ്. എല്‍.ഡി.എഫിന് 1.75 ശതമാനം വോട്ട് കുറവാണ്. കുറവിന്റെ കാര്യത്തില്‍ യു.ഡി.എഫാണ് ഒന്നാം സ്ഥാനത്ത്. എന്നിട്ടെങ്ങനെ ഒരു ലക്ഷം വോട്ട് ഈ മണ്ഡലങ്ങളില്‍ യു.ഡി.എഫിന് കൂടുകയും അവര്‍ ജയിക്കുകയും ചെയ്തു. അത് വളരെ ലളിതമാണ്. പ്രത്യേകിച്ച് മലബാറില്‍. അവിടെ പ്രകടമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയും എസ്.ഡി.പി.ഐയുമുള്‍പ്പടെയുള്ള ന്യൂനപക്ഷ വര്‍ഗീയ പ്രസ്ഥാനങ്ങളുണ്ട്. അതില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ വനിതാ പ്രവര്‍ത്തകര്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ നല്ലതു പോലെ പ്രവര്‍ത്തിച്ചു. അതില്‍ ലീഗുള്‍പ്പടെ ചേര്‍ന്നു. ജമാഅത്തെ ഇസ്‌ലാമിക്ക് പതിനായിരക്കണക്കിന് വോട്ടുകള്‍ ഉള്ള നിരവധി മണ്ഡലങ്ങള്‍ മലബാറില്‍ ഉണ്ടെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ഒരുഭാഗത്ത് ഹിന്ദുത്വ അജണ്ടയുടെ ഭൂരിപക്ഷ വര്‍ഗീയത, മറുവശത്ത് പ്രബലമായ ന്യൂനപക്ഷ വര്‍ഗീയവാദികള്‍. ഇന്ത്യ മാത്രമല്ല, ലോകം തന്നെ ഒരു ഇസ്‌ലാമിക ലോകം വേണമെന്ന സാര്‍വദേശിയ നിലപാടുള്ളവരാണ് ജമാഅത്തെ ഇസ്‌ലാമി. അവര്‍ വളരെ ഫലപ്രദമായി മുസ്‌ലിം ഏകീകരണം ഉണ്ടാക്കാനും വര്‍ഗീയവല്‍ക്കരണത്തിനും കഴിയുന്ന രീതിയില്‍ പ്രവര്‍ത്തിച്ചു. അതിന്റെയൊപ്പം ലീഗിനെയും കോണ്‍ഗ്രസിനെയും ചേര്‍ത്ത് കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെട്ടു. ഇത് ദൂരവ്യാപകമായ ഫലം ഉളവാക്കുന്ന ഒന്നാണ്. ഈ വര്‍ഗീയ ശക്തികളെല്ലാം യു.ഡി.എഫിനൊപ്പം ചേര്‍ന്ന് മതനിരപേക്ഷ ഉള്ളടക്കത്തെ തകര്‍ത്തുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar Posts