കൊച്ചിൻ കാർണിവലിലെ നാടകത്തിൽ ‘ഗവർണർ’ എന്ന വാക്കിന് വിലക്ക്
|‘ഗവർണറും തൊപ്പിയും’ എന്ന നാടകത്തിൽ നിന്ന് ഗവർണറെന്ന വാക്ക് ഒഴിവാക്കണമെന്ന് ഫോർട്ട് കൊച്ചി സബ് കലക്ടർ ഉത്തരവിറക്കി
കൊച്ചി:കൊച്ചിൻ കാർണിവലിലെ നാടകത്തിൽ ഗവർണർ എന്ന വാക്കുപയോഗിക്കുന്നതിന് വിലക്ക്.ഫോർട്ട് കൊച്ചി സബ് കലക്ടറാണ് വാക്കിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
‘ഗവർണറും തൊപ്പിയും’ എന്ന നാടകത്തിൽ നിന്ന് ഗവർണർ എന്ന വാക്ക് ഒഴിവാക്കാനാണ് സബ് കലക്ർ കെ മീര നിർദേശം നൽകിയിരിക്കുന്നത്. ബിജെപി മട്ടാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ പരാതിയെ തുടർന്നാണ് സബ് കലക്ടറുടെ നടപടി. നാട്ടക് കൊച്ചി മേഖലാ കമ്മിറ്റിയാണ് നാടകം അവതരിപ്പിക്കുന്നത്.
അതെ സമയം ഫോര്‍ട്ട്‌കൊച്ചി കാര്‍ണിവലില്‍ വന്‍ സുരക്ഷ ഒരുക്കും. പുതുവത്സര ആഘോഷത്തിനൊപ്പം ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയാണ് കാര്‍ണിവല്‍ നടത്തുന്നതെന്ന് മേയര്‍ എം.അനില്‍കുമാര്‍, ഹൈബി ഈഡന്‍ എം.പി, കെ.ജെ മാക്‌സി എം.എല്‍.എ, ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍ കെ.മീര, ഡെപ്യൂട്ടി കളക്ടര്‍ ഉഷാ ബിന്ദു മോള്‍, മട്ടാഞ്ചേരി അസി. പോലീസ് കമ്മീഷണര്‍ കെ.ആര്‍ മനോജ് എന്നിവര്‍ അറിയിച്ചു.
ഫോര്‍ട്ട്‌കൊച്ചി കൂടാതെ പള്ളുരുത്തി കാര്‍ണിവല്‍, എറണാകുളത്തപ്പന്‍ ഗ്രൗണ്ട് എന്നിവടങ്ങളില്‍ പുതുവത്സരത്തോട് അനുബന്ധിച്ച് ഡിസംബര്‍ 31 ന് വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചുണ്ടെന്നും മേയര്‍ പറഞ്ഞു. എല്ലാവരും ഫോര്‍ട്ട്‌കൊച്ചിയിലേക്ക് മാത്രം പോകാതെ കൊച്ചി നഗരത്തിലെ മറ്റ് പരിപാടികളിലും ആസ്വദിക്കണം. മറൈന്‍ഡ്രൈവില്‍ പുഷ്പമേള, കലൂരില്‍ ദേശീയ സരസ് മേള എന്നിവയും തുടരുകയാണ്.
ഇവിടെയും വിവിധ കലാപരിപാടികളാല്‍ സമ്പന്നമാണ്. ഡിസംബര്‍ 31ന് രാത്രി പാപ്പാഞ്ഞിയെ കത്തിക്കുന്ന ഫോര്‍ട്ട്‌കൊച്ചി പരേഡ് ഗ്രൗണ്ട് വിവിധ സെഗ്‌മെന്റുകളായി തിരിച്ചാകും ആളുകളെ കടത്തിവിടുക. ഓരോ സെഗ്‌മെന്റിലും നിയന്ത്രിത ആളുകളെ മാത്രമാകും കടത്തിവിടുക. പരിധിയില്‍ കൂടുതല്‍ ആളുകള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. പാപ്പാഞ്ഞിയെ കത്തിച്ചശേഷം ഒരു മണിവരെ കലാപരിപാടികള്‍ തുടരും.
പരേഡ് ഗ്രൗണ്ട് ഭാഗത്തേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി വിപുലമായ സൗകര്യങ്ങള്‍ സജ്ജമാക്കും. ആയിരത്തോളം പോലീസുകാരെയും സുരക്ഷാ ചുമതലയ്ക്കായി നിയോഗിക്കും. വനികളുടെ സുരക്ഷയ്ക്കായി മഫ്തിയിലും പോലീസ് ഉണ്ടാകും. നൂറിലധികം സിസിടിവി കാമറ, വാട്ടര്‍ ആംബുലന്‍സ് ഉള്‍പ്പെടെ ആവശ്യമായ മെഡിക്കല്‍ സംഘം, ഫസ്റ്റ് എയ്ഡ് സംവിധാനം എന്നിവയും ഒരുക്കും. ആവശ്യമായ ബയോ ടോയ്‌ലറ്റ്, കുടിവെള്ള സൗകര്യം സജ്ജമാക്കും. ബസ് സര്‍വീസിനായി കൊച്ചിന്‍ കോളജ് ഗ്രൗണ്ടില്‍ താല്‍ക്കാലിക ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തിക്കും.