'മഹതി, വിധവ എന്നീ വാക്കുകൾ അൺപാർലമെന്ററി അല്ല'; എം.എം മണിയെ ന്യായീകരിച്ച് വി.എൻ വാസവൻ
|മണി ചിലപ്പോൾ ബെല്ലും ബ്രേക്കും ഇല്ലാതെ ചിലത് പറയാറുണ്ടെന്നും എന്നാൽ ഈ നിയമസഭ സമ്മേളനത്തിൽ അങ്ങിനെ മണി സംസാരിച്ചിട്ടില്ലെന്നും വി.എൻ വാസവൻ
തിരുവനന്തപുരം: വടകര എം.എൽ.എ കെ.കെ രമയ്ക്കെതിരായ വിവാദ പരാമർശത്തിൽ മുൻമന്ത്രി എം.എം മണിയെ ന്യായീകരിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ. മഹതി, വിധവ എന്നീ വാക്കുകൾ അൺപാർലമെന്ററിയില്ല. മണി അൺപാർലമെന്ററി ആയി ഒന്നും പറഞ്ഞിട്ടില്ലെന്നും വി.എൻ വാസവൻ പറഞ്ഞു. എം.എം മണിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
നാടൻ പ്രയോഗമെന്ന നിലയിലാണ് വിധവ എന്നു പറഞ്ഞത്. തെറിയോ ചീത്തയോ അല്ലയത്. മണി ചിലപ്പോൾ ബെല്ലും ബ്രേക്കും ഇല്ലാതെ ചിലത് പറയാറുണ്ടെന്നും എന്നാൽ ഈ നിയമസഭ സമ്മേളനത്തിൽ അങ്ങിനെ മണി സംസാരിച്ചിട്ടില്ലെന്നും വി.എൻ വാസവൻ വ്യക്തമാക്കി.
വ്യാഴാഴ്ച നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കിടെയാണ് കെ.കെ. രമയ്ക്കെതിരേ എം.എം. മണിയുടെ വിവാദ പരാമർശം ഉയർന്നത്. ''ഒരു മഹതി ഇപ്പോൾ പ്രസംഗിച്ചു; മുഖ്യമന്ത്രിക്ക് എതിരേ, എൽ.ഡി.എഫ്. സർക്കാരിന് എതിരേ, ഞാൻ പറയാം ആ മഹതി വിധവയായിപ്പോയി, അത് അവരുടേതായ വിധി, അതിനു ഞങ്ങളാരും ഉത്തരവാദികളല്ല'' -എം.എം. മണിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷ നിരയിൽ നിന്നും വലിയ വിമർശനമാണ് ഉയർന്നത്. സ്ത്രീത്വത്തെ അപമാനിച്ച എം.എം മണി എം.എൽ.എ മാപ്പ് പറയണമെന്ന് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടു.
അൺപാർലമെന്ററി വാക്കുകൾ മാത്രമേ മാറ്റാൻ കഴിയൂ എന്നും മാപ്പ് പറയണമെന്ന് പറയാൻ കഴിയില്ലെന്നും സ്പീക്കർ മറുപടി നൽകി. ഇതോടെ പ്ലക്കാർഡുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പാർട്ടി കോടതി വിധിയുടെ ഭാഗമായിട്ടാണ് ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പാർട്ടി കോടതി ജഡ്ജ് ആരായിരുന്നുവെന്ന് തന്നെ കൊണ്ട് പറയിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ സ്പീക്കർ സഭാ നടപടികൾ വേഗത്തിലാക്കി. ചോദ്യോത്തരവേള റദ്ദാക്കുകയും സഭ പിരിയുകയും ചെയ്തു.
കെ.കെ. രമയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായും ഖേദം പ്രകടിപ്പിക്കില്ലെന്നും എംഎം മണി നേരത്തെ വ്യക്തമാക്കിയിരുന്നു. വാ വിട്ട് പറഞ്ഞതല്ലെന്നും മഹതി എന്ന് പറഞ്ഞത് ബോധപൂർവം തന്നെയാണെന്നുമായിരുന്നു മണിയുടെ പ്രതികരണം. പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണെന്നും അതിലൊന്നും ഒരു ഖേദവും പ്രകടിപ്പിക്കുന്നില്ലെന്നും മണി കൂട്ടിച്ചേർത്തു.
താൻ പറഞ്ഞു അവസാനിപ്പിക്കുന്നതിന് മുന്നേ പ്രതിപക്ഷ നിരയിൽ നിന്നും പ്രശ്നമുണ്ടാക്കിയതാണെന്നും പൂർണമായും കാര്യങ്ങൾ പറഞ്ഞിരുന്നെങ്കിൽ പ്രശ്നമുണ്ടാക്കേണ്ട സ്ഥിതിയുണ്ടാകുമായിരുന്നില്ലെന്നും എം.എം മണി പറഞ്ഞു. ഇപ്പോൾ എന്തോ അബദ്ധം ചെയ്തു എന്ന മട്ടിലാണ് കാര്യങ്ങളെന്നും അതിനൊന്നും തന്നെ കിട്ടില്ലെന്നും മണി വ്യക്തമാക്കി.
എം.എം മണിയുടെ വിശദീകരണം
ടി.പി ചന്ദ്രശേഖരൻ കേസ് കോടതിയുടെ പരിഗണനയിലുള്ള കേസാണ്. ഞാൻ മനപൂർവം അവരെ അപമാനിക്കാനും ഉദേശിച്ചിട്ടില്ല. പക്ഷേ അവർ നിരന്തരം മുഖ്യമന്ത്രിയെ അപമാനിച്ചു കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി വിമർശനത്തിന് അതീതനാണെന്ന അഭിപ്രായമൊന്നും ഇല്ല. എല്ലാ മുഖ്യമന്ത്രിമാരെയും വിമർശിക്കുന്നില്ലേ. ഇതതൊന്നുമല്ല, അവർ ഇവിടുത്തെ ഒരൊറ്റ് മെമ്പറേയുള്ളൂ. അവർക്ക് പ്രത്യേക സമയം അലോട്ട് ചെയ്ത് കൊടുത്തിട്ട് സർക്കാരിനെയും മുഖ്യമന്ത്രിയെയും വ്യക്തിപരമായി അധിക്ഷേപിക്കുകയാണ്. മുഖ്യമന്ത്രി പറഞ്ഞിട്ടല്ല പ്രതികരിച്ചത്. ഇനി അദ്ദേഹത്തെ പിടിച്ചിട്ട് ഇതിൽ ഇടണ്ട. ഞാനെൻറേതായ ബുദ്ധിക്ക് തുടങ്ങിയതാണ്. പക്ഷേ തുടങ്ങി തീരുന്നതിന് മുമ്പേ അവര് പ്രശ്നമുണ്ടാക്കി. പൂർണമായും പറഞ്ഞിരുന്നേൽ അവിടെ പ്രശ്നമുണ്ടാക്കേണ്ട സ്ഥിതിയുണ്ടാകുമായിരുന്നില്ല.
ഒരു കാര്യം പറയാം. നിയമസഭയിലുള്ള ആരും വിമർശനത്തിന് അതീതരൊന്നുമല്ല. അങ്ങനെ പ്രത്യേക റിസർവേഷനൊന്നുമില്ല. വാ വിട്ട് പോയതൊന്നുമല്ല, ഞാൻ മഹതി എന്ന് പറഞ്ഞത് ബോധപൂർവം തന്നെയാണ്. അപ്പുറത്തെ നിരയിൽ നിന്നും യു.ഡി.എഫിൻറെ പ്രതിനിധി വിധവയല്ലേയെന്ന് വിളിച്ചു ചോദിച്ചു. ആരാന്ന് ഞാൻ കണ്ടില്ല. അതവരുടെ വിധിയാണെന്ന് പറഞ്ഞു. ഇത്രയും കാര്യങ്ങൾ ശരി തന്നെയാണ്. പറഞ്ഞതാണ്. ആ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണ്. അതിലൊന്നും ഒരു ഖേദവും പ്രകടിപ്പിക്കുന്നുവുമില്ല. കാരണം അറുക്കുന്നതിന് മുമ്പ് അവര് പിടച്ചു. എനിക്ക് പറയാനുള്ളത് കൂടി കേൾക്കണമായിരുന്നുല്ലോ. ഞാനതെല്ലാം ഭംഗിയായി പറയുമായിരുന്നു. ഇപ്പോൾ ഞാൻ എന്തോ അബദ്ധം ചെയ്തു എന്ന മട്ടിലാണ്. അതിനൊന്നും എന്നെ കിട്ടില്ല.