Kerala
muhammed kasim vadakara
Kerala

വടകരയിലെ കാഫിർ പരാമർശമുള്ള വാട്ട്സ്ആപ്പ് സന്ദേശം: കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് പ്രവർത്തകന്‍

Web Desk
|
8 May 2024 4:13 AM GMT

‘സന്ദേശം താന്‍ അയച്ചതല്ലെന്ന് വടകര പൊലീസിന് വ്യക്തമായെങ്കിലും യഥാർഥ പ്രതികളെ കണ്ടെത്താൻ തയ്യാറാകുന്നില്ല’

കോഴിക്കോട്: വടകരയിലെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തന്റെ പേരില്‍ വ്യാജ വാട്ട്സ്ആപ്പ് സന്ദേശം പ്രചരിപ്പിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കോടതിയെ സമീപിക്കാനൊരുങ്ങി വടകര തിരുവള്ളൂരിലെ യൂത്ത് ലീഗ് പ്രവർത്തകന്‍ പി.കെ. മുഹമ്മദ് കാസിം. കാഫിർ പരാമർശമുള്ള വാട്ട്സ് അപ് സന്ദേശം സി.പി.എം ഇപ്പോഴും വ്യാപകമായി പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുന്നതെന്ന് മുഹമ്മദ് കാസിം മീഡിയവണിനോട് പറഞ്ഞു.

സന്ദേശം താന്‍ അയച്ചതല്ലെന്ന് വടകര പൊലീസിന് വ്യക്തമായെങ്കിലും യഥാർഥ പ്രതികളെ കണ്ടെത്താൻ തയ്യാറാകുന്നില്ലെന്നാണ് കാസിമിന്റെ പരാതി. ഫോണും മറ്റു വിവരങ്ങളും ഇദ്ദേഹം പൊലീസിന് നൽകിയിരുന്നു.

അതേസമയം, അന്വേഷണം പുരോഗമിക്കുകയാണെന്ന് വടകര പൊലീസ് അറിയിച്ചു. മെറ്റയോടും ഫെയ്സ്ബുക്കിനോടും വിവരങ്ങള്‍ അന്വേഷിച്ചിട്ടുണ്ട്. മറുപടി ലഭിക്കുന്ന മുറക്ക് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുമെന്നും വടകര പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നിലുള്ളവരെ പിടികൂടണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് എസ്.പി ഓഫിസ് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

വടകരയിൽ വർഗീയ പ്രചാരണം നടത്തിയെന്ന് പറഞ്ഞ് വ്യാജ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നേരത്തേ പൊലീസിൽ പരാതി നൽകിയിരുന്നു. യൂത്ത് ലീഗ് നിടുമ്പ്രമണ്ണ എന്ന പേരിൽ വ്യാജ വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് പ്രചരണം നടത്തിയത്. മുഹമ്മദ് കാസിം എന്നയാളുടെ പേരിൽ വ്യാജ പ്രൊഫൈൽ നിർമിച്ചു. ഇത് സ്ക്രീൻ ഷോട്ട് എടുത്തശേഷം അമ്പാടി മുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൽ പോസ്റ്റു ചെയ്തു.

ഇത് വ്യാജമാണെന്ന് അറിഞ്ഞതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാൽ, സ്ക്രീൻ ഷോട്ട് പിന്നീടും വ്യാപകമായി പ്രചരിപ്പിച്ചു. കുറ്റ്യാടി മുൻ എം.എൽ.എ കെ.കെ ലതിക സമൂഹത്തിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ ഈ സ്ക്രീൻ ഷോട്ട് ഫേസ്ബുക്ക് പേജിൽ പോസ്റ്റു ചെയ്തുവെന്നും പരാതിയിൽ പറയുന്നു. വ്യജമാണെന്ന് അറിഞ്ഞിട്ടും സ്ക്രീൻ ഷോട്ടുകൾ തന്റെ ഫേസ്ബുക്ക് പേജിൽ നിന്നും പിൻവലിക്കാതെ ഇപ്പോഴും വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ഇത്തരം പ്രചാരണങ്ങൾ സമൂഹത്തിൽ വലിയ അളവിൽ ഭിന്നത സൃഷ്ടിക്കുന്നതിനാലും മത സ്‌പർദ്ധയുണ്ടാക്കുന്നതിനാലും ഇവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം, ഐ.ടി നിയമം, യു.എ.പി.എ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

Similar Posts