വർക്കലയിൽ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്നു; 20 പവൻ മോഷണം പോയി
|വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്നതായി പരാതി. വർക്കല സ്വദേശി ഉമർ ഫാറൂഖിന്റെ വീട്ടിൽ നിന്ന് 20 പവൻ സ്വർണമാണ് നഷ്ടപ്പെട്ടത്. വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നത്. ഉമർ ഫാറൂഖിന്റെ ഭാര്യാസഹോദരി മരിച്ചതിനാൽ രാത്രി 9.30 ഓടെ കുടുംബാംഗങ്ങൾ മരണവീട്ടിലേക്ക് പോയി പുലർച്ചെ 1.30 ന് തിരിച്ചെത്തിയപ്പോൾ വീട് അകത്തുനിന്ന് പൂട്ടിയിരിക്കുന്നു. പിൻവാതിലിലൂടെ കയറിയ മോഷ്ടാവ് വീട്ടിനുള്ളിലെ മൂന്ന് മുറികളുടെയും വാതിൽ തകർത്ത് ആണ് കവർച്ച നടത്തിയത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 20 പവൻ സ്വർണം നഷ്ടമായി. ഉമർ ഫാറുഖിന്റെ മകൻ വീട് നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന മൂന്ന് ലക്ഷം രൂപ നിലത്ത് വീണ് കിടപ്പുണ്ടായിരുന്നു. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രദേശത്ത് സിസിടിവികൾ ഇല്ലാത്തത് പൊലീസിനെ കുഴയ്ക്കുന്നു. മോഷണത്തിന്റെ പശ്ചാത്തലത്തിൽ രാത്രി കാലങ്ങളിൽ പട്രോളിംഗ് ശക്തമാക്കണം എന്ന ആവശ്യ നാട്ടുകാർ ഉയർത്തുന്നുണ്ട്.