30 മോഷണക്കേസുകളിലും വധശ്രമക്കേസിലും പ്രതിയായ വെള്ളംകുടി ബാബു പിടിയില്‍
|അടച്ചിട്ട വീടിന്‍റെ വാതിൽ പൊളിക്കാൻ ശ്രമിക്കവേ അയൽവാസികൾ കണ്ട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു
കൊല്ലം: കുപ്രസിദ്ധ മോഷ്ടാവ് വെള്ളംകുടി ബാബു കൊല്ലം ചടയമംഗലത്ത് പിടിയിൽ. ആയൂരിൽ വീട്ടിൽ മോഷണ ശ്രമത്തിനിടെയാണ് ബാബുവിനെ പിടികൂടിയത്. 30 മോഷണക്കേസിലും ഒരു വധശ്രമക്കേസിലും പ്രതിയാണ് അഞ്ചൽ സ്വദേശിയായ ബാബു.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മോഷണ കേസുകളിലെ പ്രതിയായ ബാബു കഴിഞ്ഞ ദിവസമാണ് പിടിയിലായത്. ആയൂർ കാനറ ബാങ്കിനു സമീപമുള്ള വീട്ടിൽ മോഷണ ശ്രമത്തിനിടയിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അടച്ചിട്ട വീടിന്‍റെ വാതിൽ പൊളിക്കാൻ ശ്രമിക്കവേ അയൽവാസികൾ കണ്ട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അഞ്ചൽ ചണ്ണപ്പേട്ട മരുതിവിള സ്വദേശിയാണ് ബാബു.
ഏരൂർ, കുളത്തൂപ്പുഴ, കടയ്ക്കൽ, കൊട്ടാരക്കര, വലിയമല, പുനലൂർ, ചിതറ, പള്ളിക്കൽ, വർക്കല എന്നീ സ്റ്റേഷനുകളിലായി 30 മോഷണക്കേസുകൾ നിലവിലുണ്ട്. അഞ്ചലിൽ ഒരു വധശ്രമ കേസിലെയും പ്രതിയാണ് ബാബു. കടയ്ക്കലിൽ 2022ൽ മോഷണ കേസുമായി ബന്ധപ്പെട്ട് ഒരു വർഷം ശിക്ഷ അനുഭവിച്ച ശേഷം കഴിഞ്ഞയാഴ്ചയാണ് കൊട്ടാരക്കര സബ് ജയിലിൽ നിന്നും ഇറങ്ങിയത്. ഇതിന് ശേഷം ഏരൂർ പള്ളിയുടെ കാണിക്കവഞ്ചി പൊളിച്ചും മോഷണം നടത്തി.