'അന്ന് പാലാ ബിഷപ്പ് നിർദേശിച്ചു, സി.എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രിയാകണം'; വെളിപ്പെടുത്തലുമായി മുൻ ഡി.ജി.പി
|ഇപ്പോഴത്തെ പാലാ ബിഷപ്പിന്റെ മുസ്‌ലിം വിരുദ്ധ പരാമർശങ്ങൾ ചർച്ചയാക്കുന്നതിനിടയിലാണ് മുൻ ഡിജിപിയുടെ വെളിപ്പെടുത്തൽ
1979ൽ മുസ്‌ലിംലീഗ് നേതാവ് സി.എച്ച് മുഹമ്മദ് കോയയെ മുഖ്യമന്ത്രിയാക്കണമെന്ന് നിർദേശിച്ചത് അന്നത്തെ പാലാ ബിഷപ്പ് സെബാസ്റ്റ്യൻ വയലിലാണെന്ന് സുപ്രധാന വെളിപ്പെടുത്തൽ. മുൻ ഡി.ജി.പി ഡോ.അലക്‌സാണ്ടർ ജേക്കബാണ് പുതിയ വെളിപ്പെടുത്തൽ നടത്തിയത്. മൈനോരിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമീഷൻ ട്രസ്റ്റ് എറണാകുളത്ത് സംഘടിപ്പിച്ച സി.എച്ച് അനുസ്മരണത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഇപ്പോഴത്തെ പാലാ ബിഷപ്പിന്റെ മുസ്‌ലിം വിരുദ്ധ പ്രസ്താവനകൾ സംസ്ഥാനത്തു ചർച്ചയാകുന്നതിനിടയിലാണ് മുന്‍ ഡിജിപി യുടെ വെളിപ്പെടുത്തൽ .
അന്ന് വയലിൽ തിരുമേനിയാണ് കെ.എം മാണിക്കു പകരം മുഹമ്മദ് കോയയെ ശിപാർശ ചെയ്തതെന്ന് ഡോ. അലക്‌സാണ്ടർ ജേക്കബ് വെളിപ്പെടുത്തി. അങ്ങനെ പാലാ മെത്രാന്റെ പിന്തുണയോടെ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്കു ഒരു മുസ്‌ലിമിന് എത്താൻ പറ്റിയെന്നും അദ്ദേഹം പറഞ്ഞു.
1979 ഒക്‌ടോബർ 12 നാണ് സി.എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. അഞ്ചാം നിയമസഭയിൽ കെ.കരുണാകരൻ, എ.കെ ആന്റണി, പി.കെ വാസുദേവൻ നായർ എന്നിവർക്കു ശേഷമാണ് മുഹമ്മദ് കോയ മുഖ്യമന്ത്രിയാകുന്നത്.