മതം മാറ്റാനുള്ള ജിഹാദ് ഇസ്‍ലാമിലില്ല; സര്‍ക്കാര്‍ പാലാ ബിഷപ്പിനെ ന്യായീകരിക്കുന്നു: സമസ്ത
|മതമൈത്രിയും സമുദായങ്ങള്‍ക്കിടയില്‍ സ്‌നേഹവുമുണ്ടാക്കേണ്ടവരാണ് മതമേലധ്യക്ഷന്മാര്‍. മന്ത്രി വാസവന്‍റെ പ്രസ്താവന സര്‍ക്കാര്‍ നിലപാടാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം-ജിഫ്രി തങ്ങള്‍ പറഞ്ഞു
മതം മാറ്റാനുള്ള ജിഹാദ് ഇസ്‍ലാമിലില്ലെന്ന് സമസ്ത. 'ലൗജിഹാദ്' ഇസ്‍ലാമിന് അപരിചിതമാണ്. ആരെങ്കിലും ചെയ്യുന്നതിന് ഇസ്‍ലാം ഉത്തരവാദിയല്ല. നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശം നടത്തിയ പാലാ ബിഷപ്പിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായത്. മന്ത്രി വാസവന്‍റെ നിലപാട് സര്‍ക്കാരിന്‍റേതാണോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സമസ്ത കേരള ഇംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങള്‍ വ്യക്തമാക്കി. കോഴിക്കോട്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഷപ്പ് പറയാന്‍ പാടില്ലാത്തതാണ് പറഞ്ഞത്. നാര്‍കോട്ടിക് ജിഹാദ് ഉണ്ടെന്ന് തോന്നുന്നുവെങ്കില്‍ അത് സര്‍ക്കാരിനോടായിരുന്നു പറയേണ്ടിയിരുന്നത്. ബിഷപ്പിന്‍റെ അതേ നിലവാരത്തില്‍ നമ്മളും പറഞ്ഞാല്‍ എന്താകും സ്ഥിതി? മതനേതാക്കന്മാര്‍ ഇത്തരത്തില്‍ നീങ്ങിയാല്‍ മതസ്പര്‍ധയുണ്ടാകും. ഇസ്‍ലാമില്‍ നാര്‍ക്കോട്ടിക് ജിഹാദും ലൗജിഹാദുമില്ല. ഉത്തരവാദപ്പെട്ടവര്‍ ബിഷപ്പിനെ പ്രോത്സാഹിപ്പിക്കുകയാണ്. മന്ത്രിമാരുടെ ഭാഗത്തുനിന്ന് അതുണ്ടാവാന്‍ പാടില്ല. സര്‍ക്കാര്‍ ഇത്തരക്കാരെ പ്രോത്സാഹിക്കുന്നോ എന്ന് സംശയമുണ്ട്. സര്‍ക്കാര്‍ ബിഷപ്പിനെ ന്യായീകരിക്കുകയാണ്. സര്‍ക്കാര്‍ എല്ലാവരുടേതുമാണ്. മന്ത്രിമാരുടെ പ്രസ്താവന വേദനയുണ്ടാക്കി- ജിഫ്രി തങ്ങള്‍ പറഞ്ഞു.
ക്രിസ്ത്യാനികളില്‍ പലരും മുസ്‍ലിംകളെ വിവാഹം ചെയ്തിട്ടുണ്ട്, തിരിച്ചുമുണ്ട്. ഹിന്ദുക്കളില്‍ പലരും മുസ്‍ലിംകളെ വിവാഹം ചെയ്തിട്ടുണ്ട്. തിരിച്ചുമുണ്ട്. ഇതൊക്കെ മതം അംഗീകരിച്ചിട്ടാകില്ല. രാജ്യത്തെ ഭരണഘടന അനുവദിക്കുന്നതു പ്രകാരം ചെയ്യുന്നതാകാം. മുസ്‍ലിംകള്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് തീവ്രവാദമാകുന്ന സ്ഥിതിയുണ്ട്. മുസ്‍ലിംകളില്‍ ആരെങ്കിലും ചെയ്യുന്നത് ഒരു സമുദായത്തിന്റെ മേല്‍ കെട്ടിവയ്ക്കരുത്. മതമേലധ്യക്ഷന്മാര്‍ക്ക് ആ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ളവരാണ്. മതങ്ങള്‍ക്കിടയില്‍ സൗഹാര്‍ദമുണ്ടാക്കുകയാണ് അവരില്‍നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നത്. മതമൈത്രിയും സ്‌നേഹവുമുണ്ടാക്കേണ്ടവരാണ് അവര്‍-അദ്ദേഹം കൂട്ടിച്ചേര്ത്തു.
'ലൗജിഹാദ്' എന്നു പറയുന്ന സംഗതി ഇസ്‍ലാമോ സമസ്തയോ മുസ്‍ലിം സംഘടനകളോ പ്രോത്സാഹിപ്പിക്കുന്നില്ല. എല്ലാവര്‍ക്കും മുട്ടാനുള്ള ചെണ്ടയല്ല ഇസ്‍ലാം. മതസൗഹാര്‍ദം തകര്‍ക്കുന്ന ഏതെങ്കിലും തരത്തിലുള്ള പ്രസ്താവനകള്‍ സമസ്തയുടെയോ കീഴ്ഘടകങ്ങളുടെയോ പ്രവര്‍ത്തകരുടെയോ ഭാഗത്തുനിന്നുണ്ടായ ചരിത്രമില്ല. ഇസ്‍ലാം ഒരിക്കലും തീവ്രവാദത്തെ അനുകൂലിക്കുന്നില്ല. ഇസ്‍ലാമിന്‍റെ ചരിത്രം പരിശോധിച്ചാല്‍ അക്കാര്യം വ്യക്തമാകും. ഇസ്‍ലാമിക രാഷ്ട്രമാക്കല്‍ ഇസ്‍ലാമിന്‍റെ ലക്ഷ്യമല്ല. ഏതു രാജ്യത്തായാലും ആ രാജ്യത്തെ നിയമങ്ങള്‍ക്കനുസരിച്ച് ജീവിക്കുകയാണ് മുസ്‍ലിംകള്‍ വേണ്ടത്- തങ്ങള്‍ പറഞ്ഞു.