Kerala
ann tess joseph
Kerala

ഒരുപാട് പേരോട് നന്ദി പറയാനുണ്ട്, ബാക്കിയുള്ളവരും കപ്പലിൽ നിന്ന് ഉടൻ മോചിതരാകും: ആന്‍ ടെസ്സ

Web Desk
|
18 April 2024 3:42 PM GMT

‘ഇറാന്റെ ഭാഗത്തുനിന്ന് നല്ല സമീപനമായിരുന്നു’

കൊച്ചി: മലയാളികളടക്കമുള്ള മറ്റു ജീവനക്കാരും ഉടൻ മോചിതരാകുമെന്നാണ് പ്രതീക്ഷയെന്ന് ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി ജീവനക്കാരി ആന്‍ ടെസ്സ ജോസഫ്. കപ്പലിൽ നിന്ന് മോചിതയായ ഇവർ വ്യാഴാഴ്ചയാണ് കേരളത്തിലെത്തിയത്.

ഒരുപാട് പേരോട് നന്ദി പറയാനുണ്ടെന്ന് ആൻ ടെസ്സ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേന്ദ്ര സർക്കാറും വിദേശകാര്യ മന്ത്രാലയവും ഇടപെട്ടതിനാലാണ് ഇത്രയും പെട്ടെന്ന് മോചിതയകാൻ സാധിച്ചത്. കൂടാതെ നിരവധി പേർ തനിക്കായി പ്രാർഥിച്ചിട്ടുണ്ട്. അവരോടൊല്ലാം നന്ദി പറയുന്നു.

ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് നടന്നത്. ഇറാന്റെ ഭാഗത്ത് നിന്ന് നല്ല സമീപനമായിരുന്നു. ഭക്ഷണത്തിന്റെ കാര്യത്തിലൊന്നും പ്രശ്നമില്ലായിരുന്നു. മാനസിക പ്രയാസം സൃഷ്ടിക്കുകയോ ആരെയും ഉപദ്രവിക്കുയോ ചെയ്തിട്ടില്ല.

നാല് മലയാളികളാണ് കപ്പലിലുണ്ടായിരുന്നത്. ഇനി 16 ഇന്ത്യക്കാർ കൂടിയുണ്ട്. അവരുടെ മോചനം ഉടനുണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞത്. അതിനായി സർക്കാർ പ്രയത്നിക്കുന്നുണ്ട്.

പെൺകുട്ടിയായതിനാലാകം തനിക്ക് മാത്രം ഇപ്പോൾ മോചനം ലഭിക്കാൻ കാരണം. 25 ജീവനക്കാരിൽ ഒരു വനിത മാത്രമാണ് ഉണ്ടായിരുന്നത്. വീണ്ടും ജോലിയിലേക്ക് തിരിച്ചുപോകും. ആഗ്രഹിച്ചെടുത്ത പ്രഫഷനാണ്. ആദ്യത്തെ കപ്പലാണിത്. ഒമ്പത് മാസം മുമ്പാണ് ജോലിക്ക് കയറിയതെന്നും ആൻ ടെസ്സ പറഞ്ഞു.

തെഹ്‌റാനിലെ ഇന്ത്യന്‍ മിഷന്റെയും ഇറാന്‍ സര്‍ക്കാറിന്റെയും യോജിച്ച ശ്രമങ്ങളുടെ ഭാഗമായി വ്യാഴാഴ്ച ഉച്ചയോടെയാണ് ഇവർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്താവളത്തില്‍ കൊച്ചിന്‍ റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ ആന്‍ ടെസ്സയെ സ്വീകരിച്ചു.

കഴിഞ്ഞയാഴ്ചയാണ് ഹോര്‍മുസ് കടലിടുക്കിന് സമീപം എം.എസ്.സി ഏരീസ് എന്ന ഇസ്രായേലുമായി ബന്ധമുള്ള കപ്പല്‍ ഇറാന്‍ സൈന്യം പിടികൂടിയത്. തൃശൂര്‍ വെളുത്തൂര്‍ സ്വദേശിനിയായ ആന്‍ ടെസ്സ ജോസഫ് ട്രെയിനിങ്ങിന്റെ ഭാഗമായി 9 മാസമായി കപ്പലില്‍ ജോലി ചെയ്തു വരികയായിരുന്നു. റിയയിലെ ഇറാന്‍ കോണ്‍സുലേറ്റ് ഇസ്രായേല്‍ ആക്രമിച്ചതിന് പിന്നാലെയാണ് ഇറാന്‍ സൈന്യം കപ്പല്‍ പിടിച്ചെടുത്തത്.

Related Tags :
Similar Posts