'എം.കെ കണ്ണൻ ഹാജരാക്കിയതിൽ അവശ്യ രേഖകളില്ല'; സ്വീകരിക്കാതെ ഇ.ഡി
|തൃശ്ശൂരിലെ എസ്.ടി ജ്വല്ലറി ഉടമ സുനിൽകുമാർ ഇന്നും ചോദ്യം ചെയ്യലിന് ഹാജരായില്ല
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.കെ കണ്ണൻ ഹാജരാക്കിയത് ആവശ്യമായ രേഖകളല്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഹാജരാക്കിയതിൽ കുടുംബത്തിന്റെ സ്വത്ത് വിവരങ്ങളും ബാങ്ക് രേഖകളും ഇല്ല. കണ്ണൻ ഹാജാരാക്കിയ രേഖകൾ ഇഡി സ്വീകരിച്ചില്ല.
കേസിൽ നേരത്തെ രണ്ടു പ്രാവശ്യം ചോദ്യം ചെയ്യലിന് എത്തിയപ്പോഴും എം.കെ കണ്ണൻ സ്വത്ത് വിവരങ്ങൾ ഹാജരാക്കിരുന്നില്ല. ഈ മാസം അഞ്ചാം തീയതിക്കുള്ളിൽ എം കെ കണ്ണന്റെയും കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരങ്ങളും ആദായനികുതി അടച്ചതിന്റെ രേഖകളും ഹാജരാക്കണമെന്നായിരുന്നു ഇ.ഡി നേരത്തെ നിർദേശം നൽകിയത്.
അതേസമയം, കേസിൽ തൃശ്ശൂരിലെ എസ്.ടി ജ്വല്ലറി ഉടമ സുനിൽകുമാർ ഇന്നും ചോദ്യം ചെയ്യലിന് ഹാജരായില്ല. ആശുപത്രിയിൽ ചികിത്സയിലാണെന്ന് സുനിൽ കുമാർ ഇ.ഡിയെ അറിയിച്ചു. നോട്ടീസ് നൽകിയ ശേഷമാണ് ആശുപത്രിയിൽ ചികിത്സ തേടിയതെന്ന് ഇ.ഡി പറഞ്ഞു.
അതിനിടെ കേസിൽ പെരിങ്ങണ്ടൂർ ബാങ്ക് സെക്രട്ടറി ടി.ആർ രാജനും ചോദ്യം ചെയ്യലിനായി ഹാജരായി. ഇത് ആദ്യമായാണ് ടി.ആർ രാജൻ ഇ.ഡിക്ക് മുന്നിലെത്തുന്നത്. സതീഷ് കുമാർ പെരിങ്ങണ്ടൂർ ബാങ്ക് വഴി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ കാര്യത്തിൽ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യൽ.