നെടുങ്കണ്ടം ഉപജില്ലയില്‍ തമിഴ് മീഡിയം ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ ഇല്ല; വിദ്യാർഥികള്‍ പ്രതിസന്ധിയില്‍
|പൊതു വിദ്യാലയത്തിൽ ഫീസ് നൽകി പഠിക്കുന്ന കുട്ടികളും ജില്ലയിലുണ്ട്
ഇടുക്കി: ഇടുക്കി നെടുങ്കണ്ടം ഉപജില്ലയില്‍ തമിഴ് മീഡിയം ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ ഇല്ലാത്തത് വിദ്യാർഥികളെ പ്രതിസന്ധിയിലാക്കുന്നു. ഉപരിപഠനത്തിന് ദിവസേന നൂറിലധികം കിലോമീറ്റർ സഞ്ചരിക്കേണ്ട സാഹചര്യമാണുള്ളത്. പൊതു വിദ്യാലയത്തിൽ ഫീസ് നൽകി പഠിക്കുന്ന കുട്ടികളും ജില്ലയിലുണ്ട്.
ഉടുമ്പന്‍ചോല താലൂക്കിലെ തമിഴ് ഭൂരിപക്ഷ മേഖലകളായ കജനാപ്പാറ, ഉടുമ്പന്‍ചോല, പാറത്തോട് എന്നിവിടങ്ങളില്‍ തമിഴ് മീഡിയം ഹൈസ്‌കൂളുകളുണ്ട്. ഓരോ വര്‍ഷവും നൂറോളം കുട്ടികളാണ് ഈ സ്കൂളുകളിൽ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. ഹയർ സെക്കന്ററി ബാച്ചുകൾ ഇല്ലാത്തതിനാൽ ഉപരി പഠനത്തിനായി വിദ്യാർത്ഥികൾക്ക് മൂന്നാര്‍,പീരുമേട് മേഖലകളിലോ തമിഴ്‌നാട്ടിലോ ഉള്ള സ്‌കൂളുകളെ ആശ്രയിക്കണം. മറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ രണ്ടാം ഭാഷയായി തമിഴ് തെരഞ്ഞെടുക്കാന്‍ സൗകര്യം ഇല്ലാത്തതും തമിഴ് അറിയാവുന്ന അധ്യാപകരില്ലാത്തതും പ്രതിസന്ധിയാണ്.
ഉടുമ്പന്‍ചോല സർക്കാർ തമിഴ് മീഡിയം സ്‌കൂളിലെ യു.പി വിഭാഗം കുട്ടികള്‍ക്കാകട്ടെ പഠനത്തിന് പണവും മുടക്കണം. 250 രൂപയാണ് ഫീസ്. എല്‍.പി,ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്ക് അംഗീകാരം ഉണ്ടെങ്കിലും പി.റ്റി.എയുടെ മേൽനോട്ടത്തിൽ യു.പി വിഭാഗം അണ്‍ എയ്ഡഡ് ആയാണ് പ്രവര്‍ത്തിക്കുന്നത്. അംഗീകാരം ഇല്ലാത്തതിനാല്‍ കുട്ടികൾക്കുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. അഞ്ച്,ആറ്,ഏഴ് ക്ലാസുകളിലായി ഒരു അധ്യാപികയാണുള്ളത്. യു.പി വിഭാഗത്തിന് അംഗീകാരം നൽകണമെന്നും ഉപരിപഠനത്തിനുള്ള സൗകര്യമൊരുക്കണമെന്നുമാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.