വന്യമൃഗങ്ങളെ മയക്കുവെടി വയ്ക്കാൻ കൂടുതൽ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യം
|ആറു മണിക്കൂറിലധികം കമ്പിയിൽ തൂങ്ങിക്കിടന്ന ശേഷമാണ് മണ്ണാർക്കാട് കുന്തിപാടത്തെ പുലി ചത്തത്
പാലക്കാട്: വന്യമൃഗങ്ങളെ മയക്കുവെടി വയ്ക്കാൻ കൂടുതൽ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യം. നിലവിലുള്ള ഏക സംഘം വയനാട്ടിലാണുള്ളത്. ഈ സംഘം എത്താൻ വൈകിയതിനാലാണ് മണ്ണാർക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലിക്ക് ജീവൻ നഷ്ടമായത്.
ആറു മണിക്കൂറിലധികം കമ്പിയിൽ തൂങ്ങിക്കിടന്ന ശേഷമാണ് മണ്ണാർക്കാട് കുന്തിപാടത്തെ പുലി ചത്തത്. ഇത്രയും സമയം തൂങ്ങിക്കിടന്നതിനാൽ ആന്തരിക അവയവങ്ങൾ പൊട്ടി. ഹൃദയാഘാതവും സംഭവിച്ചു. മയക്ക് വെടിവെക്കാൻ വയനാട് സംഘം എത്താനായുള്ള കാത്തിരിപ്പിനിടെയാണ് പുലി ചത്തത്. പാലക്കാടോ സമീപ ജില്ലകളിലോ മയക്കുവെടി വയ്ക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരുന്നെങ്കിൽ പുലിയുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു.
വന്യമൃഗങ്ങളെ മയക്കുവെടി വയ്ക്കുന്ന സംഘം വയനാട് മാത്രമാണ് ഉള്ളത്. സംസ്ഥാനത്തിന്റെ ഏത് ഭാഗത്ത് വന്യമൃഗങ്ങളെ വെടിവയ്ക്കേണ്ട സാഹചര്യം ഉണ്ടായാലും ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം വേണം പോകാൻ. പാലക്കാട് , ഇടുക്കി തുടങ്ങിയ വന്യജീവി ശല്യം കൂടുതലുള്ള പ്രദേശങ്ങളിൽ വയനാട് മാതൃകയിലുള്ള സംഘം ഉണ്ടെങ്കിൽ ഒരു പരിധി വരെ പ്രശ്നം പരിഹരിക്കാം. സംസ്ഥാനത്ത് ചുരുങ്ങിയത് 3 വിദഗ്ധ സംഘമെങ്കിലും വേണം. മയക്കുവെടി വെക്കാൻ ഡോക്ടർമാർ , ബയോളജിസ്റ്റ് , സുവോളജിസ്റ്റ് , പ്രത്യേക പരിശീലനം ലഭിച്ച വനം വകുപ്പ് ജീവനക്കാർ എന്നിവർ അടങ്ങിയതാണ് വിദഗ്ധ സംഘം . മിക്ക ജില്ലകളിലും കൃത്യമായ ആര്.ആര്.ടി സംഘങ്ങൾ പോലുമില്ല.