വിദ്യാര്‍ഥികള്‍ കേരളം വിടുന്ന സാഹചര്യം ഒഴിവാക്കാനുള്ള പ്രഖ്യാപനങ്ങള്‍ക്ക് ബജറ്റിൽ സാധ്യത
|ഉന്നത വിദ്യാഭ്യാസമേഖലയില്‍ സമൂലപരിഷ്കരണം ശിപാര്‍ശ ചെയ്ത റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതിനും ബജറ്റില്‍ നീക്കിയിരിപ്പ് ഉണ്ടാകും.
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസം തേടി വിദ്യാര്‍ഥികള്‍ കേരളം വിടുന്ന സാഹചര്യം ഒഴിവാക്കാനുള്ള പ്രഖ്യാപനങ്ങള്‍ സംസ്ഥാന ബജറ്റിലുണ്ടായേക്കും. എൽ.ഡി.എഫ് അംഗീകരിച്ച വികസനരേഖയുടെ അടിസ്ഥാനത്തിലുള്ള പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിക്കുന്നത്. വിദേശ സര്‍വകലാശാലകള്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകാന്‍ സാധ്യതയുണ്ട്.
പ്ലസ് ടു പാസാകുന്നതിൽ 35 ശതമാനത്തോളം പേർ മാത്രമാണ് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെത്തുന്നത്. അതിന്‍റെ ചെറിയ ഉദാഹരണമാണ് സംസ്ഥാനത്ത് നാലായിരത്തോളം ബിരുദ സീറ്റുകള്‍ കഴിഞ്ഞ വര്‍ഷം ഒഴിഞ്ഞുകിടന്നത്. സംസ്ഥാനത്തെ 75 ശതമാനം കുട്ടികളും ഉന്നതവിദ്യാഭ്യാസത്തിനു കേരളത്തില്‍ തന്നെ ചേരുന്ന നിലയിലുള്ള പുരോഗതിയാണ് സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. ഉന്നതവിദ്യാഭ്യാസ രംഗത്ത് വൻതോതിൽ സ്വകാര്യ നിക്ഷേപം ഉണ്ടായാലേ ഈ ലക്ഷ്യം കൈവരിക്കാനാകൂവെന്നാണ് സി.പി.എമ്മിന്‍റെയും എൽ.ഡി.എഫിന്‍റേയും ഇപ്പോഴത്തെ നിലപാട്.
കേരളത്തിലേക്ക് വിദേശ സര്‍വകലാശാലകളെ കൊണ്ടുവരിക, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ സ്വകാര്യ നിക്ഷേപം കൊണ്ടുവരിക തുടങ്ങിയവയ്ക്ക് എല്‍.ഡി.എഫ് പച്ചക്കൊടി കാട്ടിയ പശ്ചാത്തലത്തില്‍ അതിനനസരിച്ചുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകും. ഉന്നത വിദ്യാഭ്യാസമേഖലയില്‍ സമൂലപരിഷ്കരണം ശിപാര്‍ശ ചെയ്ത റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതിനും ബജറ്റില്‍ നീക്കിയിരിപ്പ് ഉണ്ടാകും.
വിദേശങ്ങളിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നത് വിദ്യാഭ്യാസത്തിനൊപ്പം പാര്‍ട്ട് ടൈം തൊഴില്‍ ചെയ്യാനുള്ള സൗകര്യമാണ്. ഇതിനുള്ള സാധ്യതകളും പരിശോധിക്കണമെന്ന നിര്‍ദേശം സര്‍ക്കാരിന് മുന്നിലുണ്ട്. തുടക്കമെന്ന നിലയില്‍ ചില പദ്ധതികള്‍ ഇതിലും പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. വീട്ടിലിരുന്ന് തൊഴില്‍ ചെയ്യാന്‍ കഴിയുന്ന രീതിയിലുള്ള ഐ.ടി അധിഷ്ഠിത തൊഴില്‍ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യനിക്ഷേപം എല്‍.ഡി.എഫിന്‍റെ നിലപാട് മാറ്റമാണെന്ന വിമര്‍ശനം പ്രതിപക്ഷം ഇതിനോടകം ഉയര്‍ത്തിക്കഴിഞ്ഞു. സ്വകാര്യ സർവകലാശാലയ്ക്ക് അനുമതി നൽകുന്നതിനൊപ്പം നിലവിലുള്ള പൊതുമേഖലയിലുള്ള സംവിധാനത്തെയും ശക്തിപ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ മറുപടി. ഇതിലൂന്നിയുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകാനാണ് സാധ്യത.