കള്ളപ്പണം എത്തിച്ചതിന് തെളിവുണ്ട്, പരാതിയുമായി പാർട്ടി മുന്നോട്ട്; കൃഷ്ണദാസിനെ തള്ളി സുരേഷ് ബാബു
|ട്രോളി വിവാദത്തിൽ ചർച്ച നിർത്തണമെന്ന് കൃഷ്ണദാസ് ഇന്ന് മീഡിയവണിനോട് പറഞ്ഞിരുന്നു
പാലക്കാട്: പാലക്കാട്ടെ സിപിഎം നേതാവ് എൻ.എൻ കൃഷ്ണദാസിനെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു. പാലക്കാട്ടെ ട്രോളി വിവാദത്തിൽ ചർച്ച നിർത്തണമെന്നും തെരഞ്ഞെടുപ്പിൽ രാഷ്ട്രീയവും മനുഷ്യരുടെ ജീവിത പ്രശ്‌നങ്ങളുമാണ് ചർച്ച ചെയ്യണ്ടേതെന്നുമാണ് കൃഷ്ണദാസ് പറഞ്ഞത്. കള്ളപ്പണം വന്നിട്ടുണ്ടെങ്കിൽ ഇഡിയും പൊലീസും അന്വേഷിക്കണം . പെട്ടി ചർച്ച എൽഡിഎഫിനെ ദോഷകരമായി ബാധിക്കുമെന്നും കൃഷ്ണദാസ് മീഡിയവണിനോട് പറഞ്ഞു.
എന്നാൽ കള്ളപ്പണം എത്തിച്ചതിന് തെളിവുണ്ട്, പരാതിയുമായി മുന്നോട്ട് പോകുമെന്നാണ് സുരേഷ് ബാബു പറഞ്ഞത്. ഒരു തെളിവുമില്ലാത്ത കൈതോലപ്പായയും ഈന്തപ്പഴത്തിൻ്റെ കുരുവുമെല്ലാം തെരഞ്ഞെടുപ്പിൽ ചർച്ചചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ ചർച്ച ചെയേണ്ട വിഷയം തന്നെയാണ് ട്രോളി വിവാദവും.
എല്ലാ വിവാദങ്ങളും ജനകീയ പ്രശ്നങ്ങളും ചർച്ച ചെയ്യണം.
എന്തോ മറച്ചുപിടിക്കാനായി രാഹുൽ മാങ്കൂട്ടത്തിൽ നുണപറയുകയാണ്. ഒരിക്കൽ പോലും മാങ്കൂട്ടത്തിൽ കോഴിക്കോട് പോയെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നില്ല.
ഇത്രയും പ്രശ്‌നങ്ങൾ നടന്നുകൊണ്ടിരിക്കേ യാത്രാമധ്യേ സത്യസന്ധമായി രാഹുലിന് ലൈവിൽ വരാമായിരുന്നു. മലപ്പുറം ജില്ലയിൽ വച്ച് രാഹുലിന് മാധ്യമങ്ങളുമായി ബന്ധപ്പെടാമായിരുന്നു. മുൻകൂട്ടിയുള്ള നുണപറച്ചിൽ തന്നെയാണ് നടന്നത്.
പാലക്കാട്ടേക്ക് വന്ന കള്ളപ്പണം തന്നെയാണ് പെട്ടിയിലെന്നത് സത്യമാണ്. കൊടകര കുഴപ്പണത്തിന്റെ പങ്ക് ഈ പെട്ടിയുലൂടെ പാലക്കാടെത്തിയെന്നാണ് സംശയിക്കുന്നത്.
കള്ളപ്പണവും കുഴൽപ്പണവുമുപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് കോൺഗ്രസ് പാലക്കാട് ശ്രമിക്കുന്നത് എന്നും സുരേഷ് ബാബു പറഞ്ഞു.