Kerala
32,000 പെൺകുട്ടികളെന്ന കണക്കിൽ തർക്കമുണ്ട്, ഐ.എസ് റിക്രൂട്ട്‌മെന്റ് നടന്നുവെന്നതിൽ സംശയമില്ല: കെ. സുരേന്ദ്രൻ
Kerala

32,000 പെൺകുട്ടികളെന്ന കണക്കിൽ തർക്കമുണ്ട്, ഐ.എസ് റിക്രൂട്ട്‌മെന്റ് നടന്നുവെന്നതിൽ സംശയമില്ല: കെ. സുരേന്ദ്രൻ

Web Desk
|
1 May 2023 8:11 AM GMT

നരേന്ദ്രമോദിക്കെതിരെ ബി.ബി.സി പുറത്തിറക്കിയ ഡോക്യുമെന്ററി പ്രദർശിപ്പിച്ചപ്പോള്‍ ബി.ജെ.പി തടഞ്ഞില്ലെന്നും സുരേന്ദ്രൻ

കോഴിക്കോട്: ദി കേരള സ്‌റ്റോറി ചലച്ചിത്ര വിവാദത്തിൽ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. 32,000 പെൺകുട്ടികളെ മതംമാറ്റി നാടുകടത്തിയെന്ന കണക്കിൽ തർക്കമുണ്ടെങ്കിലും ഐ.എസ് റിക്രൂട്ട്‌മെന്റ് നടന്നുവെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. എല്ലാ സിനിമയും വസ്തുതയല്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കേരള സ്റ്റോറി സിനിമയല്ലേ, പാഠപുസ്തകമല്ലല്ലോ എന്നാണ് കെ. സുരേന്ദ്രൻ ചോദിച്ചത്. സിനിമയെ സിനിമയായി കണ്ടാൽ മതി. ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും അപമാനിക്കുന്ന സിനിമകൾക്ക് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ അനുമതി നൽകുന്നു. ഇരട്ടത്താപ്പ് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ബി.ബി.സി പുറത്തിറക്കിയ ഡോക്യുമെന്ററി പ്രദർശിപ്പിച്ചപ്പോള്‍ ബി.ജെ.പി എവിടെയും തടഞ്ഞിട്ടില്ലെന്നും സുരേന്ദ്രൻ അവകാശവാദമുന്നയിച്ചു. സെൻസർ ബോർഡിന്റെ അനുമതി കിട്ടിയാൽ സിനിമ പ്രദർശിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സിനിമ ഞങ്ങളുടെ കേരളത്തിന്റെ കഥയല്ലന്നാണ് ശശി തരൂർ എം.പി പ്രതികരിച്ചത്. വർഗീയ ധ്രുവീകരണം ലക്ഷ്യമിടുന്ന സംഘ്പരിവാറിനും സിനിമാ പ്രവർത്തകർക്കുമെതിരെയാണ് ശശി തരൂരിന്റെ വിമർശനം. സംസ്ഥാനത്ത് നിന്ന് 32,000 പെൺകുട്ടികൾ കാണാതാകുകയും പിന്നീട് ഭീകര സംഘടനയായ ഐ.എസിൽ ചേരുകയും ചെയ്തുവെന്നാണ് ചിത്രം പറയുന്നത്. സുദീപ്തോ സെൻ സംവിധാനം ചെയ്ത് വിപുൽ അമൃത്‌ലാൽ ഷാ നിർമ്മിച്ച ചിത്രം 2023 മെയ് 5 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. സിനിമ ബഹിഷ്‌കരിക്കണമെന്നും പ്രദർശനാനുമതി നൽകരുതെന്നും ആവശ്യപ്പെട്ട് നിരവധി സംഘടനകൾ രംഗത്തെത്തി.

ചിത്രത്തിന് പ്രദർശനാനുമതി നൽകരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. കേരളത്തിലെ 32,000 സ്ത്രീകൾ മതംമാറി ഇസ്ലാമിക് സ്റ്റേറ്റിൽ അംഗങ്ങളായി എന്ന വ്യാജേനയുള്ള 'ദി കേരള സ്റ്റോറി'ക്ക് പ്രദർശനാനുമതി നൽകരുത്. സിനിമ എന്താണ് പറയാൻ ഉദ്ദേശിക്കുന്നതെന്ന് ട്രെയിലറിൽനിന്ന് വ്യക്തമാണെന്നും വി.ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. സംഘ്പരിവാറിന്റെ അജണ്ട നടപ്പാക്കാനും ന്യൂനപക്ഷ വിഭാഗങ്ങൾക്ക് മേൽ സംശയത്തിന്റെ നിഴൽ വീഴ്ത്തി സാമൂഹിക ഭിന്നത സൃഷ്ടിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് സിനിമയെന്നും അദ്ദേഹം ആരോപിച്ചു. ആദ ശർമ്മ, യോഗിത ബിഹാനി, സിദ്ധി ഇദ്‌നാനി, സോണിയ ബാലാനി എന്നിവരാണ് 'ദി കേരള സ്റ്റോറി'യിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Similar Posts