'പാർട്ടി നടപടിയിൽ ഭയമില്ല, അതൊക്കെ നേതൃത്വവുമായി ബന്ധപ്പെട്ട കാര്യം': സന്ദീപ് വാര്യർ
|'നിരന്തരം അവഹേളിക്കപ്പെട്ടു, ക്ഷണിക്കപ്പെട്ടതിന് ശേഷം അപമാനിച്ച് ഇറക്കിവിട്ടാൽ അത് സഹിക്കാവുന്നതിനും അപ്പുറമാണ്''
പാലക്കാട്: പാർട്ടി നടപടിയിൽ ഭയമില്ലെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. നടപടിയൊക്കെ പാർട്ടി നേതൃത്വവുമായി ബന്ധപ്പെട്ട കാര്യമെന്നും സന്ദീപ് മീഡിയവണിനോട് പറഞ്ഞു.
സന്ദീപിനെതിരെ നടപടി വേണമെന്ന ആവശ്യവുമായി കൃഷ്ണദാസ് പക്ഷം രംഗത്ത് എത്തിയിരുന്നു. ഓൺലൈനായി ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ് കൃഷ്ണദാസ് പക്ഷം ആവശ്യമുയർത്തിയത്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെയും യോഗത്തിൽ വിമർശനം ഉയര്‍ന്നിരുന്നു.
അതേസമയം നിരന്തരം അവഹേളിക്കപ്പെട്ടെന്നും ക്ഷണിക്കപ്പെട്ടതിന് ശേഷം അപമാനിച്ച് ഇറക്കിവിട്ടാൽ അത് സഹിക്കാവുന്നതിനും അപ്പുറമാണെന്നും സന്ദീപ് നേരത്തെ മീഡിയവണിനോട് പറഞ്ഞു. വിഷമിച്ച് അഞ്ചാറ് ദിവസം വീട്ടിലിരുന്നപ്പോൾ ആരും സമാധാനിപ്പിച്ചില്ല, ഒടുവില്‍ വന്നയാള്‍ക്ക് ഒന്നും പറയാനുമുണ്ടായിരുന്നില്ല'- സന്ദീപ് വാര്യര്‍ വ്യക്തമാക്കി.
ഒരു പരിപാടിയിൽ ഏതെങ്കിലും സ്ഥലത്ത് കസേര കിട്ടാത്തതിന്റെ പേരിൽ ഇറങ്ങിപ്പോരുന്നവനല്ല ഞാന്‍, അങ്ങനെയാണെങ്കിൽ നേരത്തെ ഇറങ്ങിപ്പോരാമായിരുന്നു. മനോഹരമായി ചിരിച്ചുകൊണ്ട് സ്നേഹിച്ചുകൊല്ലേണ്ടെന്നും പാലക്കാട്ടെ ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാറിനെ ലക്ഷ്യമിട്ട് സന്ദീപ് വാര്യർ പറഞ്ഞു.
അതേസമയം സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ രംഗത്ത് എത്തി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയകാര്യങ്ങള്‍ സംബന്ധിച്ച് കൃത്യമായ നിലപാട് സ്വീകരിക്കുന്ന എല്ലാവരെയും സ്വാഗതം ചെയ്യും എന്നായിരുന്നു എം.വി ഗോവിന്ദന്റെ മറുപടി. പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന സന്ദീപ് വാര്യരെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്യുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
More To Watch