പിപ്പിടി വിദ്യയൊന്നും ഇങ്ങോട്ട് വേണ്ട; ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് സ്വാഭാവികമായും വിഷമമുണ്ടാകും- മുഖ്യമന്ത്രി
|ഗോ ഗ്വോ വിളിക്കുന്ന പിപ്പിടി വിദ്യയൊന്നും ഇങ്ങോട്ട് വേണ്ട
കെ-റെയിൽ കല്ലിടലിനെതിരായ എതിർപ്പുകൾക്ക് മുന്നിൽ സർക്കാർ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആര് പറയുന്നതാണ് ജനം കേൾക്കുകയെന്ന് കാണാം. നാടിന്റെ വികസന പദ്ധതിയുമായി മുന്നോട്ട് പോകാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. പദ്ധതിയുമായി മുന്നോട്ട് പോവാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗോ ഗ്വോ വിളിക്കുന്ന പിപ്പിടി വിദ്യയൊന്നും ഇങ്ങോട്ട് വേണ്ട. പദ്ധതിക്കെതിരെ വിചിത്ര ന്യായങ്ങളാണ് കോൺഗ്രസും ബിജെപിയും പറയുന്നത്. ഭൂമി നഷ്ടമാകുന്നവർക്ക് സ്വാഭാവികമായും വിഷമമുണ്ടാകും. അതിനായി അവർക്ക് നാലിരട്ടി നഷ്ടപരിഹാരം നൽകും. സങ്കുചിതമായ കക്ഷിരാഷ്ട്രീയ താൽപര്യത്തിനല്ല പ്രാധാന്യം നൽകേണ്ടതെന്നും മന്ത്രി കൂട്ടച്ചേർത്തു.
'ദുശാഠ്യം നാടിന്റെ താൽപര്യം സംരക്ഷിക്കാനല്ല. ഇപ്പോൾ പറ്റില്ലെന്നാണ് പറയുന്നത്, പിന്നെ എപ്പോഴാണ് നടക്കുക? തെറ്റായ എതിർപ്പുകൾക്ക് വഴങ്ങണോയെന്ന് ചോദിച്ചാൽ ജനം വേണ്ടെന്ന് പറയും. കെ-റെയിൽ യാഥാർഥ്യമാകുന്നതിനെ കോൺഗ്രസും ബി.ജെ.പിയും ഭയക്കുന്നു.'-അദ്ദേഹം പറഞ്ഞു.
സിൽവർ ലൈൻ യാഥാർഥ്യമായാൽ നാടിന് വൻ പുരോഗതിയുണ്ടാകും. വെറുംവാക്കല്ല, ദേശീയപാതാ ഭൂമിയേറ്റെടുക്കല്‍ യാഥാർഥ്യമാക്കി. ആരെയും വഴിയാഥാരമാക്കില്ല. സ്വകാര്യമായി കോൺഗ്രസുകാരോട് ചോദിച്ചാൽ അവർ പദ്ധതിയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതെസമയം സംസ്ഥാനത്ത് കെറെയില്‍ വിരുദ്ധ പ്രക്ഷോപങ്ങള്‍ ശക്തമാവുകയാണ് ഇന്ന് കോഴിക്കോട് കല്ലായിയിലും കോട്ടയത്തും എരണാകുളം ചോറ്റാനിക്കരയിലുമെല്ലാം കല്ലിടുന്നത് തടഞ്ഞിരുന്നു. കല്ലായിയില്‍ രണ്ടു പ്രാവശ്യമാണ് ഉദ്യോഗസ്ഥര്‍ സര്‍വേയ്ക്കെത്തിയത്. എന്നാല്‍ സമര സമിതി നേതാക്കളും നാട്ടുകാരും കല്ലിടാന്‍ സമ്മതിക്കാതിരുന്നതോടെ ഉദ്യോഗസ്ഥര്‍ പിരിഞ്ഞു പോവുകയായിരുന്നു. കോട്ടയം കുഴിയാലിപ്പടിയിൽ കല്ലിടാനെത്തിയ വാഹനം സമര സമിതി തടഞ്ഞു. വാഹനത്തിന് മുകളിൽ കയറിയിരുന്നായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
കെ-റെയിലിനെതിരായ പ്രതിഷേധങ്ങളെ സംയമനത്തോടെ നേരിടണമെന്ന് ഡി.ജി.പി അനില്‍കാന്ത് പെലീസുകാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാകരുത്. പ്രാദേശിക ഭരണകൂടവും ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ബോധവത്ക്കണം നടത്തണം. ജില്ലാ പൊലീസ് മേധാവി മാർക്കാണ് ഡിജിപി നിർദ്ദേശം നല്‍കിയിരിക്കുന്നത്. സമരക്കാർക്കെതിരായ പൊലീസ് ബലപ്രയോഗം വിവാദമായ പശ്ചാതലത്തിലാണ് ഡിജിപിയുടെ നിർദേശം.
അതെസമയം സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന് വീണ്ടും വ്യക്തമാക്കി. സില്‍വര്‍ലൈന്‍ കല്ലുകള്‍ പിഴുതെറിഞ്ഞ് ജയിലില്‍ പോകുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ജയിലില്‍ പോകാന്‍ യുഡിഎഫ് നേതാക്കള്‍ തയ്യാറാണ്. സാധാരണക്കാരെ ജയിലിലേക്ക് വിടില്ല. പദ്ധതിക്ക് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും സതീശന് പറഞ്ഞു.