മുസ്‌ലിം ലീഗിന് മുന്നണി മാറേണ്ട സാഹചര്യമില്ല; സാദിഖലി ശിഹാബ് തങ്ങൾ
|'സമസ്തയെയും ലീഗിനെയും തെറ്റിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും കഴിയില്ല'
കോഴിക്കോട്: മുസ്‌ലിം ലീഗിന് മുന്നണി മാറേണ്ട സാഹചര്യം നിലവിലില്ലെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. അടുത്ത തവണ യു.ഡി.എഫ് അധികാരത്തിൽ വരും. സമസ്തയെയും ലീഗിനെയും തെറ്റിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും കഴിയില്ല. ചില പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ടാകും. അവ ചർച്ചയിലൂടെ പരിഹരിക്കുമെന്നും സാദിഖലി തങ്ങൾ മീഡിയവണിനോട് പറഞ്ഞു. മുസ്‍ലിം ലീഗ് രൂപീകരണത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച കൗൺസിൽ യോഗത്തിനായി ചെന്നൈയിലെത്തിയതായിരുന്നു അദ്ദേഹം.
''ലീഗിനെ സംബന്ധിച്ച് അധികാരം ലഭിക്കുക എന്നത് ഒഴിച്ചുകൂടാനാവാത്ത ഒന്നായി കരുതുന്നില്ല. അധികാരത്തിന്റെ കുളിരനുഭവിക്കാനല്ല, ന്യൂനപക്ഷങ്ങൾക്ക് ലഭിക്കേണ്ട ഭരണഘടനാപരമായ അവകാശങ്ങൾ നേടിയെടുക്കാനും ഉറപ്പുവരുത്താനുമാണ് അധികാരം. മാറി മാറിയാണെങ്കിലും കേരളത്തിന്റെ അധികാരം കയ്യാളാൻ മുസ്‌ലിം ലീഗിന് സാധിച്ചിട്ടുണ്ട്. അക്കാലത്തെല്ലാം പക്ഷപാതമില്ലാതെ മതേതരത്വപരമായി ലീഗ് പ്രവർത്തിച്ചിട്ടുണ്ട്.
മുസ്‌ലിം ലീഗും സമസ്തയും എപ്പോഴും ഒരു ഉടലും ഒരു മനസുമായാണ് പ്രവർത്തിക്കുന്നത്. മുസ്‌ലിം ലീഗിനെ കെട്ടിപ്പടുക്കുന്നതിൽ സമസതയുടെ സാന്നിധ്യം വലുതാണ്. സമസ്തയുടെ കാര്യങ്ങൾ നടപ്പിൽ വരുത്തുന്നതിൽ മുസ്‌ലിം ലീഗും സഹകരിക്കാറുണ്ട്. അതിൽ ഒരു വിള്ളലും എവിടെയും ഉണ്ടായിട്ടില്ല. ചില പ്രശ്‌നങ്ങൾ വരുമ്പോൾ അത് കൂടിയാലോചിച്ച് തീരുമാനമെടുത്ത് സമാധാനത്തോടെ മുന്നോട്ട് പോകാറുണ്ട്. ഇത്തരം താത്കാലിക പ്രതിസന്ധികൾ മാത്രമേ ഇപ്പോഴും ഉള്ളൂ''- സാദിഖലി തങ്ങൾ പറഞ്ഞു
അതെ സമയം സിഐസിയിൽ യിൽ നിന്ന് രാജി വെച്ചവർ ചുമതലയിൽ തിരികെയെത്തണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയത് വാഫി സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാനാണെന്ന് സാദിഖലി തങ്ങൾ വ്യക്തമാക്കി. കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജസിൽ നിന്ന് ഹക്കീം ഫൈസി ഉൾപ്പെടെ സമർപ്പിച്ച രാജി സിഐസി സെനറ്റ് യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും സാദിഖലി തങ്ങൾ പ്രസ്താവനയിൽ വിശദീകരിച്ചു.
ലീഗ് രൂപീകരണം നടന്ന രാജാജി ഹാളിന് സമീപം നടക്കുന്ന പരിപാടി ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ ഉദ്ഘാടനം ചെയ്തു. സാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ സംസാരിക്കും. വൈകിട്ട് കൊട്ടിവാക്കം വൈഎംസിഎ ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മുഖ്യാതിഥിയാകും.