'രാജ്യത്തെ സാമ്പത്തിക തീരുമാനങ്ങൾക്ക് സ്ഥിരതയില്ല, നോട്ടുകൾ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ'; ധനമന്ത്രി കെ.എൻ ബാലഗോപാൽ
|എപ്പോഴാണ് കൈയ്യിലുള്ള ഏതു നോട്ടുകളും അസാധുവാകുന്നത് എന്നറിയാൻ പറ്റാത്ത ആശങ്കയുടെ മുൾമുനയിൽ നിർത്തുന്ന സാമ്പത്തിക നയങ്ങളുമായാണ് കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നതെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: രാജ്യത്തെ സാമ്പത്തിക തീരുമാനങ്ങൾക്ക് സ്ഥിരതയില്ലെന്ന സത്യമാണ് രണ്ടായിരം രൂപ നോട്ട് പിന്‍വലിച്ചതിലൂടെ പുറത്തുവന്നതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പൗരന്മാർക്ക് വിശ്വസിച്ച് നോട്ടുകൾ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും ഇത്തരം തീരുമാനങ്ങളുടെ ദൂരവ്യാപക പ്രത്യാഘാതങ്ങൾ കണ്ടറിയണമെന്നും ബാലഗോപാൽ പറഞ്ഞു.
ഇന്ത്യയിലെ സാമ്പത്തിക രംഗത്തെ തീരുമാനങ്ങൾ സ്ഥിരതയില്ലാത്തതും അതത് സമയത്ത് തോന്നുന്ന മാനസിക വ്യാപാരങ്ങൾക്കനുസരിച്ച് നിശ്ചയിക്കപ്പെടുന്നതുമാണ് എന്നൊരു അവസ്ഥ വരുന്നു. എപ്പോഴാണ് കൈയ്യിലുള്ള ഏതു നോട്ടുകളും അസാധുവാകുന്നത് എന്നറിയാൻ പറ്റാത്ത ആശങ്കയുടെ മുൾമുനയിൽ നിർത്തുന്ന സാമ്പത്തിക നയങ്ങളുമായാണ് കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നത്. നോട്ട് നിരോധനം സൃഷ്ടിച്ച പ്രതിസന്ധികളിൽ നിന്നും സമ്പദ് വ്യവസ്ഥ കരകയറി വരുന്നേയുള്ളൂ. വീണ്ടും ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ എന്താണെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഇപ്രകാരമുള്ള തീരുമാനങ്ങളുമായി മുന്നോട്ടു പോകുന്നതിനു മുൻപ് ആവശ്യമായ പഠനങ്ങളും ചർച്ചകളും നടത്താൻ കേന്ദ്ര ഗവൺമെന്റ് തയ്യാറാകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തുവന്നത്.
രാജ്യത്ത് 2,000 രൂപാ നോട്ടുകൾ ഘട്ടംഘട്ടമായി പിൻവലിക്കാനാണ് റിസർവ് ബാങ്ക് തീരുമാനം. പുതിയ നോട്ടുകൾ ഇടപാടുകാർക്ക് നൽകരുതെന്ന് ആർ.ബി.ഐ ബാങ്കുകൾക്ക് നിർദേശം നൽകി. നിലവിൽ നോട്ട് കൈവശമുള്ളവർക്ക് 2023 സെപ്റ്റംബർ 30 വരെ ഉപയോഗിക്കാം. മേയ് 23 മുതൽ 2000 നോട്ടുകൾ മാറ്റിയെടുക്കാനുള്ള സൗകര്യമൊരുക്കും. ഒറ്റയടിക്ക് നോട്ടുനിരോധനം നടപ്പാക്കില്ലെന്നാണ് ആർ.ബി.ഐ വ്യക്തമാക്കിയത്. നിലവിൽ കൈവശമുള്ള നോട്ട് ഉപയോഗിക്കുന്നതിനു വിലക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.
2016 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 രൂപാ നോട്ടുകൾ നിരോധിച്ചതിനു പിറകെയാണ് 2,000 രൂപാ നോട്ട് അച്ചടിച്ച് വിനിമയത്തിനായി പുറത്തിറക്കിയത്. എന്നാൽ, 2000 നോട്ടിൻറെ അച്ചടി 2018-2019 കാലയളവിൽ നിർത്തിയിരുന്നു. കറൻസി അവതരിപ്പിച്ചതിന്റെ ലക്ഷ്യം പൂർത്തീകരിച്ചെന്നാണ് ഇപ്പോൾ ആർ.ബി.ഐ വിശദീകരണം.