Kerala
നിയോ നാസികളുമായുള്ള ഗാഢസൗഹൃദത്തിന്റെ പുളിച്ചുതികട്ടലുകൾ ബാലൻസ് ചെയ്യാനുള്ളതല്ല ഇത്; എംബി രാജേഷിന് വിടി ബൽറാമിന്‍റെ മറുപടി
Kerala

''നിയോ നാസികളുമായുള്ള ഗാഢസൗഹൃദത്തിന്റെ പുളിച്ചുതികട്ടലുകൾ ബാലൻസ് ചെയ്യാനുള്ളതല്ല ഇത്''; എംബി രാജേഷിന് വിടി ബൽറാമിന്‍റെ മറുപടി

Web Desk
|
23 Nov 2021 1:59 PM GMT

ഇഛാഭംഗത്തിന്റെ മുറിവ് കാലത്തിനും ഉണക്കാൻ കഴിയാതെ പോയാൽ, ചില മനുഷ്യർ ഇങ്ങനെ പഴയത് മറന്ന് പരസ്പരവിരുദ്ധമായി സംസാരിക്കുന്നുവെന്ന് ബൽറാമിനെ പരോക്ഷമായി സൂചിപ്പിച്ച് എംബി രാജേഷ് നേരത്തെ വിമര്‍ശിച്ചിരുന്നു

ഡൽഹി വംശഹത്യയ്ക്ക് ആഹ്വാനം ചെയ്ത കേന്ദ്രമന്ത്രി അനുരാഗ് താക്കൂറുമായുള്ള സൗഹൃദത്തെക്കുറിച്ചുള്ള നിയമസഭാ സ്പീക്കർ എംബി രാജേഷിന്റെ വിശദീകരണത്തെ വിമർശിച്ച് വിടി ബൽറാം. രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്തത് ഏറ്റവും ശക്തമായ രാഷ്ട്രീയ വിമർശനമാണെന്നും നിയോ നാസികളുമായുള്ള ആരുടെയെങ്കിലും ഗാഢസൗഹൃദത്തിന്റെ പുളിച്ചുതികട്ടലുകൾ ബാലൻസ് ചെയ്യാനുള്ളതല്ല അതെന്നും ബൽറാം ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.

രാഹുൽ ഗാന്ധിയുടെ ഈ ആലിംഗനം അദ്ദേഹത്തിന്റെ ഏറ്റവും ശക്തമായ ഒരു രാഷ്ട്രീയ വിമർശനമാണ്. വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ പ്രതീകവൽക്കരിക്കുന്ന അമ്പത്താറിഞ്ച് ആസുരതയെ മനുഷ്യത്വമെന്ന മഹാമൂല്യത്തെവച്ച് ഒരു നിമിഷം കൊണ്ട് തകർത്തെറിയുന്ന അവിസ്മരണീയമായ കാഴ്ച. നിയോ നാസികളുമായുള്ള ആരുടെയെങ്കിലും ഗാഢസൗഹൃദത്തിന്റെ പുളിച്ചുതികട്ടലുകൾ ബാലൻസ് ചെയ്യാനുള്ളതല്ല ഈ സ്‌നേഹത്തിന്റെ രാഷ്ട്രീയം-രാജേഷിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിൽ ബൽറാം വ്യക്തമാക്കി.

രാഹുൽ ഗാന്ധിയെക്കുറിച്ച് നല്ല വാക്ക് പറഞ്ഞതിന് ആക്രമണം അഴിച്ചുവിട്ട വർഗീയവാദികളുടെ അതേഭാഷയും ശൈലിയുമായിരുന്നു ഒരുകൂട്ടം വിമർശകർക്കെന്ന് എംബി രാജേഷ് ഫേസ്ബുക്ക് കുറിപ്പിൽ കുറ്റപ്പെടുത്തിയിരുന്നു. രാഹുൽ ഗാന്ധി പാർലമെന്റിൽ പ്രധാനമന്ത്രിയെ പരസ്യമായി ആലിംഗനം ചെയ്ത് സൗഹൃദം പ്രകടിപ്പിച്ചതിനെ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുമായി കൂട്ടിക്കുഴക്കേണ്ടെന്ന് വാശിയോടെ വാദിച്ചവരാണ് ചിത്രത്തിന്റെ പേരിൽ എന്റെ രാഷ്ട്രീയനിലപാടിനെ ചോദ്യം ചെയ്യുന്നത്. ഇഛാഭംഗത്തിന്റെ മുറിവ് കാലത്തിനും ഉണക്കാൻ കഴിയാതെ പോയാൽ, ചില മനുഷ്യർ ഇങ്ങനെ പഴയത് മറന്ന് പരസ്പരവിരുദ്ധമായി സംസാരിക്കും. അതിനെ ആ നിലയിലേ എടുക്കുന്നുള്ളൂവെന്നും തൃത്താല മുൻ എംഎൽഎ കൂടിയായ ബൽറാമിനെ ലക്ഷ്യമിട്ട് രാജേഷ് വ്യക്തമാക്കുന്നുണ്ട്.

വർഗീയതക്കെതിരായി മതനിരപേക്ഷത സംരക്ഷിക്കാനുള്ള നിർണായകമായ പോരാട്ടം നടക്കുന്ന ഈ ചരിത്രസന്ദർഭത്തിൽ വിമർശനത്തിന്റെ ഉദ്ദേശശുദ്ധി മനസിലാക്കുന്നു. സ്വയം വിമർശനം നടത്താനും ഭാവിയിൽ കൂടുതൽ ജാഗ്രത പുലർത്താനും അത് സഹായിക്കുകയും ചെയ്യും. വ്യക്തിബന്ധങ്ങൾ മുതൽ കുടുംബബന്ധങ്ങൾ വരെ ഏതും കക്ഷിരാഷ്ട്രീയത്തിനതീതമാകാമെങ്കിലും ആത്യന്തികമായി രാഷ്ട്രീയശരിക്കു മുകളിലല്ല എന്നതാണ് തന്റെ ഉറച്ചബോധ്യം. ആ രാഷ്ട്രീയബോധ്യമാണ്, അല്ലാതെ ഞാൻ പിടിച്ച മുയലിന് കൊമ്പ് മൂന്ന് എന്ന ദുരഭിമാന നിലപാടല്ല ഈ വിഷയത്തിൽ തന്നെ നയിക്കുന്നതെന്നും രാജേഷ് ഫേസ്ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർത്തു.

ഡൽഹി വംശഹത്യയിലേക്കു നയിച്ച പരസ്യ കൊലവിളി പ്രസംഗങ്ങൾക്ക് നേതൃത്വം നൽകിയ ബിജെപി നേതാക്കളിൽ പ്രധാനിയാണ് അനുരാഗ് താക്കൂർ. 'രാജ്യദ്രോഹികളെ' പരസ്യമായി വെടിവയ്ക്കണമെന്ന താക്കൂറിന്റെ പരസ്യ ആഹ്വാനം വംശഹത്യ ആളിപ്പടർത്തുന്നതിന് സഹായിച്ചതായി വസ്തുതാന്വേഷണങ്ങളിൽ തെളിഞ്ഞിരുന്നു.

അനുരാഗ് താക്കൂറുമായി ഒരു വ്യാഴവട്ടത്തിലേറെക്കാലത്തെ സൗഹൃദമാണുള്ളതെന്നാണ് എം.ബി രാജേഷ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞത്. പത്തുവർഷം പാർലമെന്റിൽ ഒരുമിച്ച് പ്രവർത്തിച്ചപ്പോൾ ശക്തിപ്പെട്ട സൗഹൃദമാണ് താക്കൂറുമായുള്ളതെന്നും പാർലമെന്റിൽ പരസ്പരം എതിർചേരിയിൽനിന്ന് വാദിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായ സൗഹൃദത്തിന് അതൊരിക്കലും തടസമായിരുന്നില്ലെന്നും കുറിപ്പിൽ ഓർമിക്കുന്നു. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് അനുരാഗ് താക്കൂറിനെ നേരിൽ കാണുന്നതെന്നും നേരിൽ കാണാനും സൗഹൃദം പുതുക്കാനും കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും എം.ബി രാജേഷ് പറഞ്ഞു.

അതേസമയം, മലയാള മനോരമ ഓൺലൈനിന് എംബി രാജേഷ് നൽകിയ അഭിമുഖത്തിൽ വിടി ബൽറാമുമായി അടുത്ത സൗഹൃദമില്ലെന്ന് രാജേഷ് വ്യക്തമാക്കിയിരുന്നു. തൃത്താലയിൽ എതിർ സ്ഥാനാർഥിയായിരുന്ന വിടി ബൽറാമുമായി സൗഹാർദം പുനഃസ്ഥാപിക്കാൻ സാധിച്ചോ എന്ന ചോദ്യത്തിനായിരുന്നു ബൽറാമുമായി അടുത്ത സൗഹൃദം മുൻപും ഇല്ലെന്ന് എംബി രാജേഷ് മറുപടി നൽകിയത്. ഈ സൗഹൃദമില്ലായ്മയിൽ താൻ സന്തോഷിക്കുന്നു, അഭിമാനിക്കുന്നുവെന്ന് ബൽറാം ഫേസ്ബുക്കിലൂടെ ഇതിനോട് പ്രതികരിക്കുകയും ചെയ്തിരുന്നു.

Summary: VT Balram criticizes Assembly Speaker MB Rajesh's explanation for his friendship with Union Minister Anurag Thakur, who called for the Delhi genocide. In a Facebook post, Balram said that Rahul Gandhi's embrace of Prime Minister Narendra Modi was the strongest political criticism and that it was not to balance anyone's friendship with the neo-Nazis.

Similar Posts