'ലോകകേരള സഭ സ്പോൺസർഷിപ്പിൽ തെറ്റില്ല': പണം ചെലവാക്കുന്നതിന് ഓഡിറ്റുണ്ടെന്ന് എ.കെ ബാലൻ
|പ്രതിപക്ഷത്തിന് എന്തോ അസുഖമുണ്ടെന്ന് താൻ നേരത്തെ പറഞ്ഞതാണെന്നും എകെ ബാലൻ
ലോക കേരളസഭ മേഖല സമ്മേളനത്തിന് സ്പോൺസർഷിപ്പ് വാങ്ങുന്നതിൽ എന്താണ് തെറ്റെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ മന്ത്രിയുമായ എ.കെ ബാലൻ. പ്രതിപക്ഷം പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും പണം ചെലവാക്കുന്നതിന് കൃത്യമായ ഓഡിറ്റ് സംവിധാനമുണ്ടെന്നും ബാലൻ പറഞ്ഞു.
"പ്രതിപക്ഷത്തിന് എന്തോ അസുഖമുണ്ട്. 33 കെവി സബ്സ്റ്റേഷനിൽ നിന്നുള്ള ഊർജം കൊണ്ടും ഇത് ഭേദപ്പെടില്ല. 400 കെവിയിൽ നിന്ന് നേരിട്ട് കൊടുക്കണം. ലോകകേരള സഭയുടെ മേഖലാ സമ്മേളനം ദുബൈയിൽ നടന്നപ്പോളും ലണ്ടനിൽ നടന്നപ്പോളും സ്പോൺസർഷിപ്പ് ഉണ്ടായിരുന്നു. ഒരു കെപിസിസി സെക്രട്ടറി ഇപ്പോൾ ജയിലിലാണ്. പുൽപ്പള്ളി ബാങ്കിന്റെ സെക്രട്ടറിയാണദ്ദേഹം. 50 കോടിയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. ഇന്നേവരെ അദ്ദേഹത്തിന്റെ പേരിൽ നടപടിയെടുത്തില്ല.
സ്പോൺസർഷിപ്പ് വാങ്ങുന്നതിൽ എന്താണ് തെറ്റ്? ഇപ്പോൾ ആരോപണമുന്നയിക്കുന്ന ഇവരാരും ഇതിനുമുമ്പ് സ്പോൺസർഷിപ്പ് വാങ്ങിയിട്ടില്ലേ? വിവിധ രാജ്യങ്ങളിലെ മലയാളികളുടെ സംഗമമാണ് ലോക കേരള സഭ. പുതിയ മാതൃക കേരള സർക്കാർ സൃഷ്ടിച്ചു. അത് വലിയ ആശ്വാസമാണ് പ്രവാസികൾക്ക് നൽകിയത്. ശുദ്ധ അസംബന്ധമാണ് പ്രതിപക്ഷം പറയുന്നത്. പ്രവാസി സുഹൃത്തുക്കൾ അവരെ പുച്ഛിച്ച് തള്ളും. സ്പോൺസർഷിപ്പ് ആണ്, പണം പിരിക്കുകയല്ല. കേരളത്തിൽ എത്ര സ്പോൺസർമാരെ വെച്ച് സാമ്പത്തിക സഹായം വാങ്ങിയിട്ടുണ്ട്. അത് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നാണ് നോക്കുന്നത്. പണം ചെലവാക്കുന്നതിന് കൃത്യമായ ഓഡിറ്റ് സംവിധാനം ഉണ്ട്". മന്ത്രി പറഞ്ഞു.