Kerala
സേവ് കുട്ടനാട് കാമ്പയിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാന്‍; തെറ്റിദ്ധാരണയെന്ന് സേവ് കുട്ടനാട് കൂട്ടായ്മ
Kerala

സേവ് കുട്ടനാട് കാമ്പയിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാന്‍; തെറ്റിദ്ധാരണയെന്ന് സേവ് കുട്ടനാട് കൂട്ടായ്മ

Web Desk
|
15 Jun 2021 7:41 AM GMT

മന്ത്രിയുടെ പ്രതികരണത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ സജി ചെറിയാന്‍റെ കോലം കത്തിച്ച് പ്രതിഷേധിച്ചു

സേവ് കുട്ടനാട് കാമ്പെയിന് പിന്നിൽ ഗൂഢാലോചനയും രാഷ്ട്രീയ ലക്ഷ്യവുമെന്ന് ആവർത്തിച്ച് മന്ത്രി സജി ചെറിയാൻ. കുട്ടനാട്ടിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമമാണോ നടക്കുന്നതെന്ന് സംശയമുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടേത് തെറ്റിദ്ധാരണ മാത്രമാണെന്നായിരുന്നു സേവ് കുട്ടനാട് കൂട്ടായ്മയുടെ പ്രതികരണം.

വേനലിലും വെള്ളപ്പൊക്കത്തിൽ വലയുന്ന കുട്ടനാടിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തിയാണ് സേവ് കുട്ടനാട് എന്ന കൂട്ടായ്മ രൂപീകരിച്ചത്. നവമാധ്യമങ്ങളിൽ ഉൾപ്പെടെ കൂട്ടായ്മ ഉയർത്തിയ ചർച്ചകൾ സജീവമായി. പിന്നാലെ കുട്ടനാടിന്‍റെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ഇന്നലെ ചേർന്ന കർഷകരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലായിരുന്നു സേവ് കുട്ടനാട് കാമ്പയിനെതിരെ മന്ത്രി സജി ചെറിയാന്റെ രൂക്ഷ വിമർശനം.

കൂട്ടായ്മക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് മന്ത്രി ഇന്നും ആവർത്തിച്ചു. എന്നാൽ ഒരു രാഷ്ട്രീയ സംഘടനയും കൂട്ടായ്മയെ ഹൈജാക്ക് ചെയ്തിട്ടില്ലെന്ന് സേവ് കുട്ടനാട് കൂട്ടായ്മ പ്രതികരിച്ചു. അതേസമയം, മന്ത്രിയുടെ പ്രതികരണത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ സജി ചെറിയാന്‍റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

Similar Posts