Kerala
കിറ്റക്സ് കേരളം വിട്ടുപോകുന്ന സാഹചര്യം ഉണ്ടാകരുതെന്ന് എം.എ യൂസഫലി
Kerala

കിറ്റക്സ് കേരളം വിട്ടുപോകുന്ന സാഹചര്യം ഉണ്ടാകരുതെന്ന് എം.എ യൂസഫലി

Web Desk
|
3 July 2021 10:37 AM GMT

തിരുവനന്തപുരം മാൾ ഈ വർഷാവസാനം തന്നെ പ്രവർത്തനം തുടങ്ങുമെന്നും നിയമ പ്രശ്നങ്ങൾ അവസാനിച്ചതോടെ കോഴിക്കോട്ടെ മിനി ഷോപ്പിംഗ് മാളിന്റെ പണി തുടങ്ങിയെന്നും യൂസഫ് അലി പറഞ്ഞു.

കിറ്റക്സ് കേരളം വിട്ടുപോകുന്ന സാഹചര്യം ഉണ്ടാകരുതെന്ന് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. കിറ്റക്സിന്റെ സാബു ജേക്കബുമായി വ്യക്തിപരമായി താൻ സംസാരിക്കുമെന്നും ഓൺലൈനിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി യൂസഫ് അലി പറഞ്ഞു. ചെറിയ നിക്ഷേപകർ പോലും കേരളം വിടുന്ന സാഹചര്യം പാടില്ല. മലയാളി യുവതയ്ക്ക് കേരളത്തിൽ തന്നെ തൊഴിൽ ലഭിക്കുന്ന സാഹചര്യം ഉറപ്പാക്കാൻ പരമാവധി നിക്ഷേപകരെ ഇനിയും കൊണ്ടു വരികയാണ് വേണ്ടതെന്നും യൂസഫ് അലി പ്രതികരിച്ചു.

കോടികളുടെ കണക്കല്ല മറിച്ച് നൂറു രൂപയുടെ നിക്ഷേപമായാലും അത് കേരളത്തിന് പുറത്ത് പോകുന്നതിനോട് യോജിക്കാനാവില്ല. കാരണം ഭാവി തലമുറയ്ക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് സർക്കാറിനോടൊപ്പം സ്വകാര്യ സ്ഥാപനങ്ങളുടെ പങ്ക് കുറച്ചു കാണരുത് അദ്ദേഹം പറയുന്നു.

തിരുവനന്തപുരം മാൾ ഈ വർഷാവസാനം തന്നെ പ്രവർത്തനം തുടങ്ങുമെന്നും നിയമ പ്രശ്നങ്ങൾ അവസാനിച്ചതോടെ കോഴിക്കോട്ടെ മിനി ഷോപ്പിംഗ് മാളിന്റെ പണി തുടങ്ങിയെന്നും യൂസഫ് അലി പറഞ്ഞു. ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ പട്ടിക ലഭിച്ചാൽ മുഖ്യമന്ത്രിക്ക് കൈമാറും. അവരുടെ കുടുംബങ്ങള്ക്ക് അർഹമായ ധനസഹായം ഉറപ്പാക്കാനുള്ള യത്നത്തിൽ സാധ്യമായത് ചെയ്യാൻ ശ്രമിക്കുമെന്നും എം.എ യൂസുഫലി കൂട്ടിച്ചേര്‍ത്തു.

സ്ഥാപനത്തില്‍ ഒരു മാസത്തിനിടെ പതിനൊന്നോളം പരിശോധനകള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് നടപ്പാക്കാനിരുന്ന 3,500 കോടി രൂപയുടെ വൻകിട പദ്ധതിയിൽ നിന്ന് കിറ്റക്സ് പിൻമാറിയിരുന്നു. ഇതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ വ്യവസായം ആരംഭിക്കാന്‍ കിറ്റക്‌സിന് തമിഴ്‌നാട് സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം ലഭിച്ചു. തമിഴ്‌നാട് വ്യവസായ മന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇതുസംബന്ധിച്ച് കിറ്റക്‌സിന് കത്തയച്ചു. തമിഴ്‌നാട്ടില്‍ വ്യവസായം തുടങ്ങാന്‍ ക്ഷണിക്കുന്നു എന്നാണ് കത്തിന്റെ ഉളളടക്കം. സബ്‌സിഡി, പലിശിയിളവ്, സ്റ്റാമ്പ് ഡ്യൂട്ടിയില്‍ നൂറുശതമാനം ഇളവ് തുടങ്ങി എട്ടോളം ആനുകൂല്യങ്ങളാണ് വാദ്ഗാനം ചെയ്തിട്ടുളളതെന്ന് കിറ്റക്‌സ് വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ കിറ്റക്‌സ് അന്തിമതീരുമാനമെടുത്തിട്ടില്ല.


Similar Posts