'ആദ്യ ഭർത്താവ് മരിക്കുമെന്ന് ജാതക ദോഷമുണ്ടായിരുന്നു'; ഷാരോണിനെ കൊന്നത് അന്ധവിശ്വാസത്താലെന്ന് മാതാവ്
|ആദ്യ ഭർത്താവ് തന്റെ മകനാണെന്നും ഷാരോണിന്റെ അമ്മ
തിരുവനന്തപുരം: പെൺസുഹൃത്ത് വിഷം കലർത്തി കൊന്നുവെന്ന കേസിൽ നിർണായക വെളിപ്പെടുത്തലുമായി ഷാരോണിന്റെ അമ്മ. ആദ്യ ഭർത്താവ് മരിക്കുമെന്ന് ജാതക ദോഷമുണ്ടായിരുന്നുവെന്നും ഷാരോണിനെ കൊന്നത് അന്ധവിശ്വാസം കൊണ്ടാണെന്നും മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. പ്രതി ഗ്രീഷ്മ കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് ഷാരോണിന്റെ അമ്മയുടെ പ്രതികരണം.
വീട്ടിൽവെച്ച് ഗ്രീഷ്മയെ ഷാരോൺ താലിചാർത്തുകയും സിന്ദൂരമണിയിക്കുകയും ചെയ്തിട്ടുണ്ടെന്നും മാതാവ് വെളിപ്പെടുത്തി. ആദ്യ ഭർത്താവ് തന്റെ മകനാണെന്നും ഷാരോണിന്റെ അമ്മ പറഞ്ഞു. ''ഒക്ടോബറിന് ശേഷം വിവാഹം നടന്നാലെ അവൾക്ക് അവനുമായി നല്ല നിലയിൽ ജീവിക്കാനാകൂ, ഫെബ്രുവരിയിൽ അവളുടെ വിവാഹം നിശ്ചയിച്ചിരുന്നു. മകനുമായി ആദ്യം വിവാഹം കഴിഞ്ഞതായി കണക്കിലെടുത്ത് മകനെ കൊല്ലണമെന്ന തീരുമാനത്തിൽ അവളെത്തുകയായിരുന്നു''- ഷാരോണിന്റെ അമ്മ പറഞ്ഞു. ജ്യൂസിൽ പ്രതി വിഷം കലർത്തി കൊടുത്തുവെന്നും മകൻ പൂർണ ആരോഗ്യവാനായിരുന്നുവെന്നും അമ്മ കൂട്ടിച്ചേർത്തു. ഇടയ്ക്കിടെ ശാരീരിക അസ്വസ്ഥതകൾ ഷാരോൺ പ്രകടിപ്പിക്കുമായിരുന്നു. വിവാഹ നിശ്ചയത്തിന് ശേഷം ഇരുവരും വിട്ടുപിരിഞ്ഞുവെന്നും പിന്നീട് വീണ്ടും പ്രണയത്തിലാവുകയായിരുന്നുവെന്നും മാതാവ് വെളിപ്പെടുത്തി.
വിവാഹ നിശ്ചയത്തിനു ശേഷമാണ് പ്രതി ഷാരോണിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രതിക്ക് വധശിക്ഷ വിധിക്കണമെന്നും മാതാവ് ആവശ്യപ്പെട്ടു. പ്രതിയും കുടുംബവും പദ്ധതി തയ്യാറാക്കിയാണ് കൊല നടത്തിയതെന്നും ഷാരോണിന്റെ അമ്മ ആരോപിച്ചു. നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ബി.എസ്.സി വിദ്യാർത്ഥി ഷാരോണിനെ കൊന്നുവെന്ന് പെൺസുഹൃത്തായ ഗ്രീഷ്മ സമ്മതിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരോടാണ് പെൺകുട്ടിയുടെ കുറ്റസമ്മതം. തമിഴ്നാട് രാമവർമഞ്ചിറ സ്വദേശിയാണ് ഗ്രീഷ്മ. തമിഴ്നാട്ടിലെ ഗ്രീഷ്മയുടെ വീട്ടിൽ നടത്തിയ സന്ദർശനത്തിനിടെ കഷായവും ജ്യൂസും കുടിച്ചിരുന്നു. ഗ്രീഷ്മ തന്നെയാണ് രണ്ടും ഷാരോണിന് നൽകിയത്. വീട്ടിലേക്ക് തിരിച്ചെത്തിയ ഷാരോൺ ഛർദിച്ച് അവശനായി. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ദിവസങ്ങൾക്കകം ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തു.
സംഭവത്തിനു പിന്നാലെയാണ് ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയത്. ഇതിനു പിന്നാലെ സംശയം ഉണർത്തുന്ന തരത്തിൽ പെൺകുട്ടിയുടെ ശബ്ദസന്ദേശങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തിൽ അന്വേഷണത്തിന്റെ തുടക്കംതൊട്ടു തന്നെ പാറശ്ശാല പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കുടുംബം ആരോപിച്ചിരുന്നു. പെൺകുട്ടിയുടെ ശബ്ദസന്ദേശങ്ങളടക്കം മാധ്യമങ്ങളിലൂടെ പുറത്തെത്തിയതോടെയാണ് റൂറൽ എസ്.പി ഡി. ശിൽപ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. ഇതോടെ കേസന്വേഷണം വേഗത്തിലാകുകയും ചെയ്തു. സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. ഡി. ശിൽപയുടെ നേതൃത്വത്തിലാണ് ഗ്രീഷ്മയെ ചോദ്യംചെയ്തത്. അന്വേഷണത്തിനൊടുവിലാണ് പെൺകുട്ടി കുറ്റം സമ്മതിച്ചിരിക്കുന്നത്.