‘പ്രാർത്ഥനക്കിടയിലേക്ക് പള്ളിയിലേക്ക് കയറി വന്ന അവർ എന്നെ വലിച്ച് പുറത്തിട്ടു, ഒന്നേകാൽ മണിക്കൂറോളം മർദ്ദിച്ചു’ മലയാളി സുവിശേഷകൻ
|‘അടികൊണ്ട് പുറകിലേക്ക് വീഴാൻ പോയാൽ അവിടുന്ന് ചവിട്ടിയാണ് നമ്മളെ നേരെ നിർത്തുക. ഒരു മനുഷ്യനെന്ന നിലയിൽ ഒരു കരുണ പോലും അവരുടെ ഭാഗത്ത് നിന്നുണ്ടായില്ല’ പാസ്റ്റർ സി.പി സണ്ണി
ബിഹാറിൽ മലയാളി സുവിശേഷകന് നേരെ സംഘപരിവാർ നടത്തിയത് ക്രൂരമായ ആക്രമണം. കോട്ടയം മുട്ടുചിറ സ്വദേശി പാസ്റ്റർ സി.പി സണ്ണിക്കാണ് ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നത്. പ്രാർത്ഥന നടക്കുമ്പോഴാണ് അക്രമി സംഘം കടന്നുവന്നത്. വന്നയുടനെ അവർ കൈക്ക് പിടിച്ച് വലിച്ച് എന്നെ പുറത്തേക്കിട്ടു. എന്റെ കൂടെയുണ്ടായിരുന്ന അവിടുത്തെ നാട്ടുകാരനായ ഒരാളുണ്ടായിരുന്നു. അദ്ദേഹം അവരോട് എന്താണ് പ്രശ്നം എന്ന് ചോദിച്ചു. ഉടനെ അവർ അവനെ അടിച്ചു. ബഹളം കേട്ട് വിശ്വാസികൾ ഇറങ്ങിവന്നപ്പോൾ, പൈസ കൊടുത്താണോ ഇവരെ മാറ്റിയതെന്ന് ചോദിച്ചു ഞാൻ അല്ല എന്ന് പറഞ്ഞപ്പോഴും അടിതുടങ്ങി ജയ് ശ്രീരാം വിളിപ്പിച്ചു.
മാർച്ച് മൂന്നിന് ബിഹാറിലെ ജമോയ് ജില്ലയിലാണ് ക്രൂരമായ ആക്രമണം നടന്നത്. തലക്കാണ് കൂടുതലും അടിച്ചത്. എകദേശം ഒന്നേകാൽ മണിക്കൂറോളം അടിച്ചു. പലകുറി അടികൊണ്ട് ഞാൻ നിലത്തുവീണു. വീണു കിടക്കുമ്പോ ഓടിവന്ന് ചവിട്ടുകയും അടിക്കുകയും ചെയ്യും. എഴുന്നേൽപ്പിച്ച് നിർത്തിയിട്ട് കൈയുടെ മുട്ടുവെച്ച് ഇടിക്കും. ഇടിയുടെ ഒരു ഘട്ടം കഴിഞ്ഞ ശേഷമാണ് നടത്തിക്കൊണ്ടു പോകുന്നത്. പോകുന്നതിനിടയിൽ വഴിയിൽ ഒരു ഹനുമാന്റെ പ്രതിമയുള്ള അമ്പലം പോലത്തെ ഒന്നുണ്ട്. അവിടെയെത്തിയപ്പോൾ ഞങ്ങൾ മൂന്ന് പേരെയും അവിടെ കിടത്തി.
ഞായറാഴ്ച ആയതുകൊണ്ട് ഉപവാസം അനുഷ്ഠിച്ചാണ് പള്ളിയിൽ പോയത്. അപ്പോഴാണ് അക്രമണം ഉണ്ടായത്. രാവിലെ മുതൽ തുടങ്ങി അടിയും തൊഴിയും വലിച്ചിഴക്കലും ഒരു ഒന്നരവരെ നീണ്ടു. അപ്പോഴേക്കും ഞങ്ങൾ മൂന്ന് പേരും തളർന്നു പോയി. ഞങ്ങളുടെ അവസ്ഥ കണ്ടപ്പോൾ മരിക്കുമെന്ന് അവർക്ക് മനസിലായിക്കാണും. അത് തോന്നിയിട്ടാണെന്ന് തോന്നുന്നു ഒരാൾ റോഡ് സൈഡിൽ കിടന്ന ഒരു കുപ്പിയെടുത്ത് അടുത്തുള്ള കാർ സർവീസ് സെന്ററിൽ പോയി വെള്ളം എടുത്തുകൊണ്ടു വന്ന് കുടിക്കാൻ തന്നു. എന്നിട്ടും മുന്നോട്ട് നടത്തിച്ചു.
അതിനിടയിൽ ബൈക്കിൽ വന്ന ഒരാൾ മുഖത്തടിച്ചിട്ട് പോയി. അതിന് പുറമെ കുറെ ആൾക്കാരെ അവർ വിളിച്ചു വരുത്തിച്ച് അവരും വന്ന് തല്ലി. പത്ത് മുന്നോറോളം ആൾക്കാർ ചേർന്നായിരുന്നു അടി. അടികൊണ്ട് പുറകിലേക്ക് വീഴാൻ പോയാൽ അവിടുന്ന് ചവിട്ടിയാണ് നമ്മളെ നേരെ നിർത്തുക. ഒരു മനുഷ്യനെന്ന നിലയിൽ ഒരു കരുണ പോലും അവരുടെ ഭാഗത്ത് നിന്നുണ്ടായില്ല. അവർക്ക് ആകെ അനുകമ്പയുള്ള പശുക്കളോട് മാത്രമാണല്ലോ.
സ്വന്തം അമ്മയെ പോലും വെട്ടിക്കൊല്ലും. മാതാപിതാക്കളോട് സഹോദരങ്ങളോടോ അവർക്ക് യാതൊരു സ്നേഹവും കരുണയും ഇല്ല. ആകെയുള്ളത് പശുവിനോട് മാത്രമാണ്. നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു ഞങ്ങൾ. കിടക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.