തിരു. മെഡിക്കൽ കോളജ് ക്യാമ്പസിലെ ഉറവകളിലെ വെള്ളം ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി അധികൃതർ
|നഗരപരിധിയിൽ അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ടു ചെയ്ത സാഹചര്യത്തിലാണ് നിർദേശം
തിരുവനന്തപുരം: മെഡിക്കൽ കോളജ് ക്യാമ്പസിലെ ഉറവകളിലെ വെള്ളം ഉപയോഗിക്കരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. വെള്ളം കുളിക്കുന്നതിനും വസ്ത്രം അലക്കുന്നതിനും മറ്റും ഉപയോഗിക്കരുതെന്നാണ് നിർദേശം. നിർമ്മാണ പ്രവർത്തനങ്ങൾക്കും ഈ വെള്ളം ഉപയോഗിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നഗരപരിധിയിൽ അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ടു ചെയ്ത സാഹചര്യത്തിലാണ് നിർദേശം നൽകിയത്.
തിരുവനന്തപുരത്ത് മൂന്നുപേർക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചിരുന്നു. മുന്നുപേരും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കഴിഞ്ഞ മാസം 23ന് മരിച്ച യുവാവിനും രോഗം സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചിരുന്നു. പായൽ പിടിച്ചുകിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ വെള്ളം ഉപയോഗിക്കുന്നവർ മുൻകരുതൽ എടുക്കണമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിട്ടുണ്ട്. കെട്ടിക്കിടക്കുന്ന മലിനമായ വെള്ളത്തിൽ കുളിക്കരുതെന്നും നേരത്തേ നിർദേശം നൽകിയിരുന്നു.