മകരവിളക്ക്: പന്തളം കൊട്ടാരത്തിൽ നിന്നുമുള്ള തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും
|വെള്ളിയാഴ്ച പത്തനംതിട്ട ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു
മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പന്തളം കൊട്ടാരത്തിൽ നിന്നുമുള്ള തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും.മകരവിളക്ക് പ്രമാണിച്ച് വെള്ളിയാഴ്ച പത്തനംതിട്ട ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കോ മുൻ നിശ്ചയിച്ച പരീക്ഷകൾക്കോ അഭിമുഖങ്ങൾക്കോ അവധി ബാധകമല്ല. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങൾ പുലർച്ചെ ക്ഷേത്രത്തിലേക്ക് മാറ്റി.
പുലർച്ചെ മുതൽ തന്നെ ഭക്തർക്ക് തിരുവാഭരണങ്ങൾ ദർശിക്കാന് അവസരമുണ്ട്. പ്രത്യേക പൂജകളും ആചാരപരമായ ചടങ്ങുകളും പൂർത്തിയാക്കി ഉച്ചക്ക് ഒരു മണിയോട് കൂടിയാവും ഘോഷയാത്ര പുറപ്പെടുക. പരമ്പരാഗത തിരുവാഭരണ പാതയിലൂടെ സഞ്ചരിക്കുന്ന ഘോഷയാത്രക്ക് വിവിധ കേന്ദ്രങ്ങളിലായി സ്വീകരണം ഒരുക്കിയിട്ടുണ്ട്. ഗുരുസ്വാമി കുളത്തിനാൽ ഗംഗാധിരപിള്ളയുടെ നേതൃത്വത്തിലുള്ള 25 അംഗമാണ് തിരുവാഭരണങ്ങൾ വഹിച്ചു കൊണ്ട് സഞ്ചരിക്കുക. പന്തളം രാജപ്രതിനിധി ശങ്കർവർമ്മയും ഘോഷയാത്രയെ അനുഗമിക്കും.
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടക്കുന്ന ഘോഷയാത്രയിൽ ആളുകളുടെ എണ്ണം പരമിതിപ്പെടുത്തിയിട്ടുണ്ട്. പൊലീസിന്റെ നേതൃത്വത്തിൽ പ്രത്യേക സുരക്ഷയും ഘോഷയാത്രക്ക് ഒരുക്കിയിട്ടുണ്ട്. മകരവിളക്ക് ദിവസമായ വെള്ളിയാഴ്ച വൈകിട്ടാവും തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തുക.