ഏക മകൻ ലഹരിക്കടിമ, ചികിത്സയിൽ; തിരുവല്ലയിലെ ദമ്പതികളുടേത് മനോവിഷമത്താലുള്ള ആത്മഹത്യ
|സ്വകാര്യ ലഹരി വിമുക്ത കേന്ദ്രത്തിൽ മകൻ ചികിത്സയിലാണെന്നും ഇനി ചികിത്സിക്കാൻ പണം ഇല്ലെന്നും കത്തിൽ പറയുന്നു
പത്തനംതിട്ട: തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ദമ്പതികളുടെ വീട്ടിൽ നിന്നാണ് കുറിപ്പ് കണ്ടെടുത്തത്. തുകലശേരി സ്വദേശികളായ രാജു തോമസ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരെയാണ് കാറിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തിയത്. ഏകമകൻ ലഹരിക്ക് അടിമ ആയതിൻ്റെ മനോവിഷമം കാരണം ജീവനൊടുക്കുന്നു എന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. സ്വകാര്യ ലഹരി വിമുക്ത കേന്ദ്രത്തിൽ മകൻ ചികിത്സയിലാണെന്നും ഇനി ചികിത്സിക്കാൻ പണം ഇല്ലെന്നും കത്തിൽ പറയുന്നതായാണ് വിവരം. പൊലീസ് ഇടപെട്ട് തുടർചികിത്സ നൽകണമെന്നും മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും കുറിപ്പിൽ പറയുന്നുണ്ട്.
ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് തിരുവല്ല വേളൂർ- മുണ്ടകം റോഡിൽ രണ്ടു പേരെ കാറിനുള്ളില്‍ വെന്തുമരിച്ച നിലയിൽ കണ്ടെത്തിയത്. വാഹനം പൂർണമായും കത്തിനശിച്ച നിലയിലായിരുന്നു.