'കെഎസ്‌ഇബി ചെയർമാന്റെ ചെയ്‌തികളിൽ സർക്കാറിന് ഉത്തരവാദിത്തമില്ല'- തിരുവമ്പാടി വിഷയത്തിൽ സിപിഎം
|ഒരാൾ അക്രമം നടത്തിയത് കൊണ്ട് വീട്ടിലെ വൈദ്യുതി വിച്ഛേദിക്കുന്നത് അംഗീകരിക്കില്ലെന്നും സിപിഎം ഏരിയ സെക്രട്ടറി വികെ വിനോദ് പറഞ്ഞു
കോഴിക്കോട്: തിരുവമ്പാടിയിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചതിനെതിരെ സിപിഎം ഏരിയ നേതൃത്വം. കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകർ ചെയ്തത് സർക്കാരിന് ഏറ്റെടുക്കാനാവില്ല. ഒരാൾ അക്രമം നടത്തിയത് കൊണ്ട് വീട്ടിലെ വൈദ്യുതി വിച്ഛേദിക്കുന്നത് അംഗീകരിക്കില്ലെന്നും സിപിഎം ഏരിയ സെക്രട്ടറി വികെ വിനോദ് പറഞ്ഞു.
വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് കെഎസ്ഇബി ഓഫീസ് തല്ലി തകർക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്തുവെന്ന കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അജ്‌മൽ, സഹോദരൻ ഫഹദ് എന്നിവർക്കെതിരെ പൊലീസ് നടപടി തുടരുന്നതിനിടെയാണ് കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചത്. അജ്‌മലിന്റെ പിതാവ് യുസി റസാഖിന്റെ പേരിലുള്ള വീട്ടിലെ വൈദ്യുതി കണക്ഷനാണ് വിച്ഛേദിച്ചത്. പിന്നാലെ വലിയ പ്രതിഷേധമാണ് ഉണ്ടായത്.
റസാഖും കുടുംബവും കെഎസ്‌ഇബി ഓഫീസിലെത്തി മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. പിന്നാലെ, യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം സംഘർഷത്തിലാണ് കലാശിച്ചത്. ഇതോടെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇനി അക്രമിക്കില്ലെന്ന് ഉറപ്പ് തന്നാൽ വൈദ്യുതി പുനഃസ്ഥാപിക്കുമെന്നും കെഎസ്ഇബി ചെയർമാൻ വിചിത്ര ഉത്തരവിറക്കി.
കലക്ടറുടെ നിർദ്ദേശപ്രകാരം തഹസിൽദാർ റസാക്കിന്റെ വീട്ടിലെത്തിയെങ്കിലും സത്യവാങ്മൂലത്തിൽ ഒപ്പിടാൻ റസാഖും കുടുംബവും തയ്യാറായില്ല. വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ കൂടി ഇടപെട്ടതോടെ ഇന്നലെ രാത്രി തന്നെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി പുനഃസ്ഥാപിക്കുകയായിരുന്നു.
സംഭവത്തിൽ സർക്കാരിനെതിരെയും രൂക്ഷ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് സിപിഎം ഏരിയ കമ്മിറ്റിയുടെ വിശദീകരണം. കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകറിനെ കുറ്റപ്പെടുത്തിയായിരുന്നു സിപിഎം ഏരിയ നേതൃത്വം രംഗത്തെത്തിയത്.