തിരുവനന്തപുരത്ത് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച് പണം കവർന്ന സംഭവം; മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞു
|പ്രതികൾ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം നെടുമങ്ങാട് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച് പണം കവർന്ന കേസിൽ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞതായി പൊലീസ്. നിരവധി കേസുകളിൽ പ്രതിയായ ജഹാംഗീറും കൂട്ടാളികളുമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതികൾ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസം വലിയമല പനയ്‌ക്കോട് റോഡിൽവെച്ച് യുവാവിനെ ആക്രമിച്ച് 5 ലക്ഷത്തിലധികംരൂപ കവർന്ന കേസിലാണ് നാല് പ്രതികളെയും തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അഞ്ചുതെങ്ങ് സ്വദേശി ജഹാംഗീർ, ഇയാളുടെ മൂന്ന് സുഹൃത്തുക്കൾ എന്നിവർ ചേർന്നാണ്ആസൂത്രിതമായി ആക്രമിച്ച് കവർച്ച നടത്തിയതെന്നാണ് പൊലീസ് നിഗമനം. പ്രതികൾ സഞ്ചരിച്ച കാർ ആനാട് ബാങ്ക് ജംഗ്ഷന് സമീപം ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തി. പണയാഭരണം ബാങ്കിൽ നിന്നും എടുത്ത് വിൽക്കാൻ സഹായിക്കുന്ന
എജന്റായ ജീമോനാണ് ആക്രമിക്കപ്പെട്ടിരുന്നത്. പ്രതികൾക്ക് ജീമോനെനേരത്തെ പരിചയമുണ്ടായിരുന്നോ എന്നും പോലീസ്പരിശോധിച്ച് വരികയാണ്. ചുള്ളിമാനൂർ ബാങ്കിലെ പണയസാധനങ്ങൾഎടുക്കാനെന്ന് തെറ്റിദ്ധരിപ്പിച്ച ശേഷമായിരുന്നു കവർച്ചയെന്നാണ് ജീമോൻ പോലീസിന് നൽകിയിരിക്കുന്ന മൊഴി. ജഹാംഗീറിനെതിരെ അഞ്ച്‌തെങ്ങ് സ്റ്റേഷൻ പരിധിയിൽ മാത്രം 15ലധികം കേസുകൾ നിലവിലുണ്ട്. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയെന്ന് നെടുമങ്ങാട് എഎസ്പി രാജ്പ്രസാദ് അറിയിച്ചു.