കത്ത് വിവാദം: തിരുവനന്തപുരം കോർപ്പറേഷനിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം
|ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ബി.ജെ.പിയും കോൺഗ്രസും വ്യക്തമാക്കി. നാളെമുതൽ കോർപ്പറേഷൻ വളയുന്നതടക്കമുള്ള സമരരീതികൾ ആവിഷ്‌കരിക്കാനാണ് പ്രതിപക്ഷ തീരുമാനം.
തിരുവനന്തപുരം: നിയമനക്കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ തുടരുന്ന പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ തീരുമാനം. വരും ദിവസങ്ങളിൽ കോർപ്പറേഷൻ വളയുന്നത് അടക്കമുള്ള സമരരീതിയിലേക്ക് കടക്കാനാണ് ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും നീക്കം. മേയർ രാജിവെക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് യു.ഡി.എഫ് കൗൺസിലർമാർ പറഞ്ഞു.
അതേസമയം സമരം ഒരുവഴിക്ക് നടക്കട്ടെ, കോർപറേഷൻ പ്രവർത്തനം തടസമില്ലാതെ നടത്തും എന്ന നിലപാടിലാണ് മേയർ. പ്രതിപക്ഷ പ്രതിഷേധം കൊണ്ട് ജനങ്ങൾ ബുദ്ധിമുട്ടുന്ന സാഹചര്യം ഉണ്ടാവില്ലെന്ന് മേയർ ആര്യ രാജേന്ദ്രൻ ആവർത്തിക്കുന്നു. നിയമനക്കത്ത് വിവാദത്തിൽ പ്രതിഷേധം ഭയന്ന് രാജിയില്ലെന്ന് മേയറും സി.പി.എം നേതൃത്വവും നേരത്തെ വ്യക്തമാക്കിയതാണ്. കത്ത് വിവാദത്തിൽ അന്വേഷണം നടക്കുകയാണ്. എല്ലാ വശങ്ങളും അന്വേഷിച്ച് കണ്ടെത്തട്ടേയെന്നും മേയർ പറഞ്ഞു.
പ്രതിഷേധം അവസാനിപ്പിക്കാൻ ഒരുക്കമല്ലെന്ന് പ്രതിപക്ഷവും പറയുന്നു. ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ബി.ജെ.പിയും കോൺഗ്രസും വ്യക്തമാക്കി. നാളെമുതൽ കോർപ്പറേഷൻ വളയുന്നതടക്കമുള്ള സമരരീതികൾ ആവിഷ്‌കരിക്കാനാണ് പ്രതിപക്ഷ തീരുമാനം. നിയമനക്കത്ത് വിവാദത്തിൽ കോർപ്പറേഷനിലെ പ്രതിപക്ഷ പ്രതിഷേധം രണ്ടാഴ്ച പിന്നിടുകയാണ്. ചൊവ്വാഴ്ച ചേരുന്ന കൗൺസിൽ യോഗത്തിലും പ്രതിപക്ഷ പ്രതിഷേധമുണ്ടാകും.