ജി ഗൈറ്റർ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യ ജില്ലാതല ആശുപത്രിയായി തിരുവനന്തപുരം ജനറൽ ആശുപത്രി
|ആധുനിക ന്യൂറോ റീഹാബിലിറ്റേഷന്‍ ചികിത്സ ഉറപ്പാക്കാന്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ച അഡ്വാന്‍സ് ഗെയ്റ്റ് ട്രെയിനിങ് റോബോട്ട് ആയ ജി ഗൈറ്ററിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.
തിരുവനന്തപുരം: ജി ഗൈറ്റർ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യ ജില്ലാതല ആശുപത്രിയായി തിരുവനന്തപുരം ജനറൽ ആശുപത്രി. ആരോഗ്യവകുപ്പും കെ ഡിസ്‌കും കൂടിയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ, അഡ്വാൻസ് ഗെയ്റ്റ് ട്രെയിനിങ് റോബോട്ട് ആയ ജി ഗൈറ്റർ സാധ്യമാക്കുന്നത്. ആരോഗ്യ സംവിധാനത്തിൽ ഇതുപോലെയുള്ള നൂതന ആശയങ്ങൾ നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആന്റി മൈക്രോബിയൽ റെസിസ്റ്റന്റിനെ കുറിച്ചുള്ള വിവരങ്ങൾ വളരെ വേഗത്തിൽ അറിയാൻ സാധിക്കുന്നതാണ് ആന്റിബയോഗ്രാം ആപ്ലിക്കേഷൻ ആന്റ് യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമെന്നും മന്ത്രി പറഞ്ഞു.
കേരള ഡെവലപ്മെന്റ് ആന്റ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC) സംസ്ഥാനത്തിന്റെ വികസനത്തിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ജന്റോബോട്ടിക്സിന്റെ ജി ഗെയ്റ്റർ റോബോട്ടിനെ ജനറൽ ഹോസ്പിറ്റലിൽ സ്ഥാപിച്ചത്. സ്ട്രോക്ക്, സ്‌പൈനൽ കോർഡ് ഇഞ്ചുറി, ആക്സിഡന്റ്, പക്ഷാഘാതം, പാർക്കിൻസൺസ് രോഗം തുടങ്ങിയ നിരവധി കാരണങ്ങൾ മൂലം ചലനശേഷി നഷ്ടമായവരെ വീണ്ടും നടത്താൻ പഠിപ്പിക്കുന്ന റോബോട്ട് ആണ് ജി ഗൈറ്റർ. ഇത്തരം രോഗാവസ്ഥകൾ മൂലം നടക്കാനായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ധാരാളമുണ്ട്. ജി ഗൈറ്റർ സാങ്കേതിക വിദ്യയിലൂടെ ഇത്തരം അവസ്ഥയിലൂടെ കടന്നു പോകുന്ന രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും, വേഗത്തിലുള്ള പുനരധിവാസത്തിലേക്ക് അവരെ നയിക്കാനും സാധിക്കും.