തിരുവനന്തപുരത്ത് അതിഥിത്തൊഴിലാളി ട്രെയിനിടിച്ച് മരിച്ച സംഭവം; ദുരൂഹതയില്ലെന്ന് പൊലീസ്
|എന്നാൽ മരണത്തിൽ ദുരൂഹത ആരോപിച്ച് അസം സ്വദേശിയിട്ട വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി
തിരുവനന്തപുരം: തിരുവനന്തപുരത്ത് അതിഥിത്തൊഴിലാളി ട്രെയിനിടിച്ച് മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. സഹോദരന്റേത് അപകട മരണമല്ലെന്ന അസം സ്വദേശിയുടെ ആരോപണത്തിൽ കഴമ്പില്ലെന്നാണ് പൊലീസ് പറയുന്നത്. ഇത് സ്ഥിരീകരിക്കുന്ന ലോക്കോ പൈലറ്റിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. എന്നാൽ മരണത്തിൽ ദുരൂഹത ആരോപിച്ച് അസം സ്വദേശിയിട്ട വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി.
തിരുവനന്തപുരം കൊച്ചുവേളിയിലെ ഒരു ഹോട്ടലിൽ ഷവർമ മാസ്റ്ററായി ജോലിക്കെത്തിയതായിരുന്നു അസം സ്വദേശി ആലം അലി. ഈ വർഷം ജൂലൈ ഏഴിനാണ് ആലത്തെ ട്രെയിൻ തട്ടി മരിച്ച നിലയിൽ തിരുവനന്തപുരത്തെ ആൾ സെയ്ന്റ്സ് കോളേജിനും കൊച്ചുവേളി റെയിൽവേ സ്റ്റേഷനും ഇടയിലുള്ള റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. അപകടമരണമെന്നായിരുന്നു പേട്ട പൊലീസിന്റെ നിഗമനം. എന്നാൽ മരിക്കും മുൻപ് ആലം ജോലി ചെയ്തിരുന്ന ഹോട്ടലിന്റെ ഉടമ ആലത്തെ മർദിച്ചെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ച് സഹോദരൻ അനാറുൾ ഇസ്ലാം സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. തുടർന്ന് അന്വേഷണം തൃപ്തികരമല്ലെന്നാരോപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തു. ഇത് ചർച്ചയായി.
ഇതേത്തുടർന്ന് പേട്ട, വലിയതുറ പൊലീസ് വീണ്ടും അന്വേഷണം നടത്തി. എന്നാൽ കൂടുതലൊന്നും കണ്ടെത്താനായില്ല. ഹോട്ടൽ ഉടമ മർദിച്ചിട്ടില്ലെന്നും അയാളുമായി പിണങ്ങി റെയിൽവേ സ്റ്റേഷനിൽ എത്തുകയായിരുന്നു ആലമെന്നുമാണ് പൊലീസ് കണ്ടെത്തൽ. ഫോൺ വിളിച്ച് അശ്രദ്ധമായി റെയിൽവേ ട്രാക്കിൽക്കൂടി നടന്ന ആലമിനെ കൊച്ചുവേളിയിലേക്ക് പോയ ഏറനാട് എക്സ്പ്രസ് ട്രെയിൻ തട്ടുകയും മരിക്കുകയുമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇത് സാധൂകരിക്കുന്ന ലോക്കോ പൈലറ്റിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ദുരൂഹതയുണ്ടെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് സഹോദരൻ അനാറുൾ ഇസ്ലാം.