ഉപരോധത്തിനിടെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചെന്ന് തിരുവനന്തപുരം ലോ കോളേജ് അധ്യാപിക
|ലോ കോളേജ് അസിസ്റ്റൻറ് പ്രൊഫസർ വി.കെ സഞ്ജുവിനാണ് മർദ്ദനമേറ്റത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ലോ കോളേജ് ഉപരോധത്തിനിടെ എസ്.എഫ്‌ഐ പ്രവർത്തകർ അധ്യാപികയെ ആക്രമിച്ചതായി പരാതി. ലോ കോളേജ് അസിസ്റ്റൻറ് പ്രൊഫസർ വി.കെ സഞ്ജുവിനാണ് മർദ്ദനമേറ്റത്. ക്യാമ്പസിലെ കെ.എസ്.വിന്‍റെ കൊടിതോരണങ്ങൾ ഒരുകൂട്ടം വിദ്യാർത്ഥികൾ നശിപ്പിക്കുന്ന ദൃശ്യങ്ങൾ മീഡിയവൺ പുറത്തുവിട്ടു.
ക്യാമ്പസിലെ കെഎസ്യുവിന്റെ കൊടിതോരണങ്ങൾ നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തതിന്റെ പേരിലാണ് 24 വിദ്യാർഥികൾക്കെതിരെ പ്രിൻസിപ്പൽ നടപടി സ്വീകരിച്ചത്. സിസിടിവി പരിശോധിച്ചതിൽ നിന്ന് അക്രമത്തിന് പിന്നിൽ എസ്.എഫ്‌ഐക്കാര്‍ ആണെന്ന് മനസ്സിലായതെന്ന് പ്രിൻസിപ്പാളിന്‍റെ വിശദീകരണം. ഈ ദൃശ്യങ്ങളാണ് മീഡിയ വൺ പുറത്തുവിട്ടത്.
ഇതിന് തൊട്ടുപിന്നാലെ എസ്.എഫ്‌ഐ വനിതാ പ്രവർത്തകരെ ആക്രമിച്ച കെ.എസ്.യു പ്രവർത്തകരെ കണ്ടിട്ടും പ്രിൻസിപ്പാള്‍ നടപടിയെടുത്തില്ലെന്ന് എസ്.എഫ്.ഐ ആരോപിച്ചു. സംഘർഷ സ്ഥലത്ത് പ്രിൻസിപ്പാള്‍ നിൽകുന്ന സി.സി.ടി.വി ദൃശ്യങ്ങളും എസ്.എഫ്.ഐ പുറത്തുവിട്ടു. കെ.എസ്.യുക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്നലെയായിരുന്നു എസ്.എഫ്‌ഐ ഉപരോധം.
രാത്രിയും തുടർന്ന ഉപരോധത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ ലൈറ്റ് ഓഫ് ആക്കിയത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് മർദ്ദനമെന്ന് അധ്യാപിക സഞ്ജു പറഞ്ഞു. കെ.എസ്.യുവിനെതിരെ എസ്.എഫ്.ഐ നൽകിയ പരാതിയിലും പരിശോധിച്ച് ആവശ്യമെങ്കിൽ നടപടി ഉണ്ടാകുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു