തിരുവനന്തപുരത്ത് നവജാതശിശുവിനെ വിറ്റ കേസിൽ അമ്മ അറസ്റ്റിൽ
|കാഞ്ഞിരംകുളം സ്വദേശി അഞ്ജുവിനെയാണ് തമ്പാനൂർ പോലീസ് അറസ്റ്റ് ചെയ്തത്, മൂന്ന് ലക്ഷം രൂപയ്ക്കായിരുന്നു വില്പന
തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ കേസിൽ കുഞ്ഞിന്റെ അമ്മ അറസ്റ്റിൽ. കാഞ്ഞിരംകുളം സ്വദേശി അഞ്ജുവിനെയാണ് തമ്പാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
മാരായമുട്ടത്തെ വാടകവീട്ടിൽ ഒളിവിൽ കഴിയവെയാണ് 37കാരിയായ അഞ്ജു പിടിയിലായത്. വിൽപനയിലെ ഇടനിലക്കാരനുമായിരുന്ന അഞ്ചുവിന്റെ ഭർത്താവ് ജിത്തുവിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നാണ് അഞ്ജു ഒളിവിൽ കഴിയുന്ന ഇടം പൊലീസിന് മനസിലായത്.
പിടിയിലാകുമ്പോൾ അഞ്ച് വയസ്സുള്ള കുട്ടിയും അഞ്ജുവിന്റെ ഒപ്പം ഉണ്ടായിരുന്നു. ഇപ്പോൾ വിറ്റത് തന്റെ ഏഴാമത്തെ കുഞ്ഞിനെയാണ് എന്ന് അഞ്ജു പൊലീസിന് മൊഴി നൽകി. ആറാമത്തെ കുഞ്ഞ് മരിച്ചുപോയെന്നും അഞ്ചു പറയുന്നു. എന്നാൽ ഇത് പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല.
കഴിഞ്ഞ മാസം ഏഴിന് ജനിച്ച കുഞ്ഞിനെ നാല് ദിവസം പ്രായമുള്ളപ്പോഴാണ് കരമന സ്വദേശിയായ ലാലിക്ക് വിറ്റത്. കൃത്യമായ ആസൂത്രണത്തോടെ മൂന്ന് ലക്ഷം രൂപയ്ക്കായിരുന്നു വില്പന. ശിശു ക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ് കുഞ്ഞ് ഇപ്പോഴുളളത്.
ഇന്നുച്ചയോടെയായിരുന്നു അറസ്റ്റ്. ഏപ്രിൽ 17നാണ് കുഞ്ഞിനെ തൈക്കാട് ആശുപത്രിയിൽ വെച്ച് കൈമാറുന്നത്. തുടർന്ന് 21ന് വാർത്ത പുറത്തു വന്നു. അന്ന് മുതൽ തന്നെ അഞ്ജുവിനെ കണ്ടെത്താൻ ശ്രമങ്ങളുണ്ടായിരുന്നെങ്കിൽ സാധിച്ചില്ല. ഇതിനെത്തുടർന്ന് പൊലീസ് വലിയ വിമർശനങ്ങളും നേരിട്ടു. കുഞ്ഞിനെ വാങ്ങിയ സ്ത്രീയിൽ നിന്ന് ലഭിച്ച വിവരങ്ങളും ഫോൺ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഞ്ജു പിടിയിലാകുന്നത്.
ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അറസ്റ്റ്. അഞ്ചു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്.